ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി രാംലീല മൈതാനത്ത് വിശ്വ ഹിന്ദു പരിഷത്ത് മഹാറാലി സംഘടിപ്പിച്ചു. സമ്മേളനം ഡൽഹിയിൽ പുരോഗമിക്കുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ രാമക്ഷേത്ര നിർമ്മാണത്തിനുളള ബില്ല് പാസാക്കണമെന്നാണ് വിഎച്ച്‌പിയുടെ ആവശ്യം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നശേഷം വിഷയം ചർച്ച ചെയ്യാനാണ് ബിജെപിയുടെ തീരുമാനം. തിരഞ്ഞെടുപ്പിൽ തിരിച്ചടിയാണെങ്കിൽ ഈ ശീതകാല സമ്മേളനത്തിൽ തന്നെ നിയമനിർമ്മാണത്തിനുളള നീക്കം ബിജെപി നടത്തുമെന്നാണ് കരുതപ്പെടുന്നത്.

രാമക്ഷേത്ര നിർമ്മാണ ബില്ലിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണക്കണമെന്ന് വിഎച്ച്‌പി വർക്കിങ് പ്രസിഡന്റായ അലോക് കുമാർ പറഞ്ഞു. അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന വാദമുയർത്തിയാണ് ബാബ്റി മസ്‌ജിദ് തകർത്തത്. ഇവിടെ ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്‌പിയും ശിവസേനയും തുടർച്ചയായി സമരം നടത്തുന്നുണ്ട്.

അതേസമയം കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കണം എന്നാണ് വിഎച്ച്‌പിയുടെ ആവശ്യം. ഡൽഹിയിൽ വിഎച്ച്‌പിയുടെ സമരത്തിൽ ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി  ജോഷിയും പങ്കെടുക്കുന്നുണ്ട്.

സമ്മേളനത്തിൽ ഒന്നര ലക്ഷത്തിലേറെ പേരെയാണ് വിഎച്ച്‌പി അണിനിരത്തിയിരിക്കുന്നത്.  ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളളവരാണ് കൂടുതലായും പങ്കെടുത്തത്.

രാമക്ഷേത്ര നിർമാണത്തിനായി കഴിഞ്ഞ മാസം അയോധ്യയിലും വിഎച്ച്പി റാലി നടത്തിയിരുന്നു.  രാമക്ഷേത്ര വിഷയം ബിജെപി തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ വേണ്ടി മാത്രമായി ഉപയോഗിക്കുകയാണെന്നു ശിവസേന ആരോപിച്ചിട്ടുണ്ട്. ക്ഷേത്രനിർമാണം തുടങ്ങിയില്ലെങ്കിൽ ബിജെപി അധികാരത്തിലുണ്ടാകില്ലെന്ന താക്കീതും ശിവസേന നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook