ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. നവംബര്‍ ആറു മുതല്‍ ഡിസംബര്‍ ആറു വരെ നടത്തുമെന്ന് പ്രഖ്യാപിച്ച യാത്ര അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
കോവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടിയാണു വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ ഇന്ന് ബിജെപി സംസ്ഥാന ഘടകത്തെ ഔദ്യോഗികമായി അറിയിച്ചേക്കും.
മേയില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ ലക്ഷ്യമിട്ടാണ്, മുരുകനെ ഉയര്‍ത്തിക്കാട്ടുന്ന വെട്രിവേല്‍ യാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചത്. നവംബര്‍ ആറിന് തിരുത്തണിയില്‍നിന്ന് ആരംഭിച്ച് ഒരു മാസത്തിനുശേഷം തിരുച്ചെന്തൂരിലാണ് യാത്ര അവസാനിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണു ആവിഷ്കരിച്ചത്.
വെട്രിവേല്‍ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ എതിര്‍പ്പുയരുന്നുണ്ട്. കോവിഡ് -19 സൈാഹചര്യത്തില് യാത്ര നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹരജികള്‍ ഹൈക്കോടതി പരിഗണിച്ചിരുന്നു. യാത്ര പൊതുജനങ്ങള്‍ക്കു ഭീഷണിയാണെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകര്‍ത്ത ദിനമായ ഡിസംബര്‍ ആറിന് യാത്ര അവസാനിപ്പിക്കാന്‍ നിശ്ചയിച്ചത് സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു മാത്രമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഹര്‍ജികള്‍ തീര്‍പ്പാക്കിയ ചീഫ് ജസ്റ്റിസ് അമ്രേശ്വര്‍ പ്രതാപ് സാഹി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരുടെ ബഞ്ച്, സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബിജെപി സംസ്ഥാന ഘടകത്തെ അനുവദിച്ചു. കോവിഡ്-19 സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മതപരമായ ഒത്തുചേരലുകള്‍ക്കു വിലക്കില്ലെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്ന് മാത്രമാണു പറയുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് വാദിച്ചു.