scorecardresearch
Latest News

നൂപുര്‍ ശര്‍മയെ പിന്തുണച്ച കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍

ആറാം പ്രതിയായ മൃഗഡോക്ടര്‍ യൂസഫ് ഖാന്‍ ബഹാദൂര്‍ ഖാനെ വെള്ളിയാഴ്ച രാത്രിയാണ് അമരാവതി പൊലീസ് അറസ്റ്റ് ചെയ്തത്

നൂപുര്‍ ശര്‍മയെ പിന്തുണച്ച കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍
ഉമേഷ് കോൽഹെ

അമരാവതി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ചുള്ള വാട്സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ച കെമിസ്റ്റ് ഉമേഷ് കോല്‍ഹെ (54) കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍. നാല്‍പ്പത്തിനാലുകാരനായ യൂസഫ് ഖാന്‍ ബഹാദൂര്‍ ഖാനെ അമരാവതിയിലെ കോട്‌വാലി സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിലെ അമരാവതിയിൽ ജൂണ്‍ 21നു നടന്ന സംഭവത്തില്‍ ആറാം പ്രതിയായ ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ ക്ലിനിക്ക് നടത്തുകയാണു പ്രതി.

നൂപൂര്‍ ശര്‍മയെ പിന്തുണച്ച് ഉമേഷ് കൊല്‍ഹെ ഇട്ട പോസ്റ്റിന്റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നു അമരാവതി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വിക്രം സാലി പറഞ്ഞു.

Also Read: അമരാവതിയിലെ കടയുടമയുടെ കൊലപാതകവും നുപൂർ ശർമയെ പിന്തുണച്ചതിനെന്ന് സംശയം

”നൂപുര്‍ ശര്‍മയെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായി ഉമേഷ് കോല്‍ഹെയ്ക്കെതിരെ ഖാന്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടു. ഇതു കോല്‍ഹെയ്ക്കെതിരെ പ്രതിയെ പ്രകോപിപ്പിക്കുകയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു,” കൊലപാതകത്തില്‍ ഖാന്റെ പങ്ക് വിശദീകരിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്നു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഖാനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോല്‍ഹെയെ കൊലപ്പെടുത്താന്‍ ബൈക്കിലെത്തിയ മൂന്നു പേരില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ ആറ് പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.

21നു രാത്രി 10നും 10.30നും ഇടയിലാണു കൊലപാതകം നടന്നത്. മെഡിക്കല്‍ ഷോപ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു കോല്‍ഹെ. മകന്‍ സങ്കേതും (27) ഭാര്യ വൈഷ്ണവിയും മറ്റൊരു സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

”ഞങ്ങള്‍ പ്രഭാത് ചൗക്കില്‍നിന്ന് പോകുന്നതിനിടെ സ്‌കൂട്ടറുകള്‍ ന്യൂ ഹൈസ്‌കൂളിന്റെ ഗേറ്റില്‍ എത്തിയിരുന്നു. ബൈക്കില്‍ രണ്ടു പേര്‍ പെട്ടെന്ന് പിതാവിന്റെ സ്‌കൂട്ടറിനു മുന്നിലെത്തി. അവരില്‍ ഒരാളുടെ കൈയില്‍ കത്തിയുണ്ടായിരുന്നു. അച്ഛന്റെ സ്‌കൂട്ടര്‍ നിര്‍ത്തിച്ചശേഷം അവരിലൊരാള്‍ അച്ഛന്റെ കഴുത്തില്‍ കുത്തി. നിലത്തുവീണ അച്ഛന്റെ കഴുത്തില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. ഇതുകണ്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ ഞാന്‍ സഹായത്തിനായി കരഞ്ഞു. ഈ സമയം മറ്റൊരാള്‍ വരികയും മൂവരും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു,”എന്നാണു പരാതിക്കാരനായ സങ്കേത് പൊലീസിനു നല്‍കിയ മൊഴി.

Also Read: ഉദയ്‌പൂർ കൊലപാതകം: ‘ഗംഭീരമായ എന്തെങ്കിലും ചെയ്യൂ’; പ്രതികൾക്ക് പാകിസ്ഥാനിൽ നിന്ന് ലഭിച്ച നിർദേശം ഇങ്ങനെ

മറ്റുള്ളവരുടെ സഹായത്തോടെ കോല്‍ഹെയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ അമരാവതി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തില്‍ മറ്റ് മൂന്നു പേര്‍ കൂടി അറസ്റ്റിലായി.

അബുസാര്‍ മസ്ജിദിനു പിന്നിലെ ബിസ്മില്ല നഗര്‍ സ്വദേശി മുദ്ദസിര്‍ അഹമ്മദ് എന്ന സോനു റാസ ഷെയ്ഖ് (22), സൂഫിയാന്‍ നഗറില്‍ താമസിക്കുന്ന ഷഹ്‌രൂഖ് പത്താന്‍ എന്ന ബാദ്ഷാ ഹിദായത്ത് ഖാന്‍ (25), ലാല്‍ഖലിയിലെ ഇമാം ഹുസൈന്‍ മസ്ജിദിനു സമീപം താമസിക്കുന്ന നാനു എന്ന അബ്ദുള്‍ തൗഫീഖ് (24), എന്നിവരാണ് അറസ്റ്റിലായത്. മൗലാന ആസാദ് നഗറിലെ അതിബ് റാഷിദ് (22), ഛായാ നഗറില്‍ താമസിക്കുന്ന ഷൊയ്ബ് എന്ന ഭൂര്യ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. കോല്‍ഹെയെ കുത്തിവരില്‍ ഒരാള്‍ ഷൊയ്ബാണെന്നു പൊലീസ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Veterinarian arrested provoking murder of chemist in amravati nupur sharma