ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന രാംജഠ് മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. ഏറെ നാളുകളായി അദ്ദേഹം അസുഖ ബാധിതനായി കിടപ്പിലായിരുന്നു. 96-ാം ജന്മദിനത്തിന് നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ് രാംജഠ് മലാനിയുടെ അന്ത്യം. ലോധി റോഡിലെ ശ്മശാനത്തിൽ ഇന്ന് വൈകീട്ടായിരിക്കും അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുകയെന്ന് മകൻ മഹേഷ് ജഠ്‌മലാനി പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിൽ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും രാംജഠ് മലാനി സേവനമനുഷ്ഠിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ട്വിറ്ററിലൂടെ രാംജഠ് മലാനിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവച്ചിരുന്നു.