ന്യൂഡൽഹി: റൈസിങ് കാശ്‌മീർ ദിനപ്പത്രത്തിന്റെ എഡിറ്റർ ഷുജാഅത്ത് ബുഖാരിയുടെ കൊലയാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആനന്ദ്‌നാഗ് ജില്ലയിലെ ബിജ്ബോറയിൽ സെകിപോറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ആസാദ് മാലിക് എന്ന ഭീകരൻ കൊല്ലപ്പെട്ടത്.

ജൂൺ 14 ന് ഇഫ്താർ ചടങ്ങിൽ പങ്കെടുക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ബുഖാരിയെയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥരെയും വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് ആസാദ് മാലിക്.

കാ​റി​ലേ​ക്കു ക​യ​റാ​ൻ ശ്രമിക്കവേ ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സംഘമാണ് ഇദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ഷുജാഅത്ത് ബുഖാരി മ​രി​ച്ചു​വീ​ണു.

അർവാനി വില്ലേജ് ദാദ എന്നാണ് ആസാദ് അഹമ്മദ് മാലിക് എന്ന ഈ ലഷ്‌കർ ഇ തോയ്ബ കമ്മാന്റർ അറിയപ്പെട്ടിരുന്നത്.

കാശ്മീരിലെ സമാധാന ശ്രമങ്ങളുടെ പ്രധാന മീഡിയേറ്റർ ആയിരുന്നു ഷുജാഅത്ത് ബുഖാരി. കൊലയാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങൾ ജമ്മു കശ്‌മീർ പൊലീസ് ആക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ടിരുന്നു. ബൈക്കിൽ സഞ്ചരിച്ച ഇവരിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. മറ്റ് രണ്ട് പേർ മുഖം കറുത്ത തൂവാല കൊണ്ട് മറച്ചിരുന്നു. ആക്രമണത്തിന് ശേഷം ബുഖാരി മരിച്ചുവെന്ന് ഉറപ്പാക്കിയ മറ്റൊരു ഭീകരന്റെ ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.

ഷുജാഅത്ത് ബുഖാരി വധം; പ്രതി എന്ന് സംശയിക്കുന്ന നാലാമന്റെ ചിത്രം പുറത്തുവിട്ടു

18 വർഷങ്ങൾക്ക് മുൻപുണ്ടായ വധശ്രമത്തിന് പിന്നാലെയാണ് ബുഖാരിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. ബുഖാരിയെ കൊലപ്പെടുത്തിയതിന് പിന്നിൽ പാക്കിസ്ഥാനിൽ താമസിക്കുന്ന കാശ്മീർ സ്വദേശി സജ്ജാദ് ഗുൽ ആണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാൾ ലഷ്‌കർ-ഇ-തോയ്‌ബയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

മുസാഫർ അഹമ്മദ് ഭട്ട്, നവ്‌ജീട്ട് ജാട്ട് എന്നിവരാണ് കൊലയാളി സംഘത്തിലെ മറ്റുളളവർ. സോഷ്യൽ മീഡിയയിലെ ചില ഗ്രൂപ്പുകളിൽ ബുഖാരിയുടെ സമാധാന ഇടപെടലുകൾക്കെതിരെ വലിയ പ്രചാരണങ്ങൾ നടന്നിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് വധം നടന്നതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ