തിരുവനന്തപുരം: പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും, ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ ശിവൻ എന്ന ശിവശങ്കരൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ഹൃദയാഘാതത്തെ തുര്‍ന്നാണ് അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു.
പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്. 1991ൽ അദ്ദേഹം സംവിധാനം ചെയ്ത ‘അഭയം’ എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ, ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു.
മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ 2019ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.
ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.