ചെന്നൈ: മകളും നടിയുമായ വനിതയ്ക്കെതിരെ തമിഴ് നടൻ വിജയകുമാറിന്റെ പരാതി. മകൾ അനധികൃതമായി തന്റെ വീട് കൈക്കലാക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. മധുരവോയൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

മധുരവോയലിലെ അഷ്ടലക്ഷ്മി നഗറിലാണ് വിജയകുമാറിന്റെ വീടുകളിൽ ഒന്നുളളത്. ഇത് അദ്ദേഹം ഷൂട്ടിങ്ങിനായി വാടകയ്ക്ക് കൊടുക്കാറുണ്ട്. ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് മകൾ വനിത ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് എടുത്തു. എന്നാൽ ഒരഴ്ച കഴിഞ്ഞിട്ടും വനിത വീടു വിട്ടുകൊടുക്കാൻ തയ്യാറായില്ല. വീട് തനിക്ക് അവകാശപ്പെട്ടതാണെന്ന് വനിത അവകാശവാദം ഉന്നയിച്ചതോടെയാണ് വിജയകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

വിജയകുമാറിന്റെ പരാതിക്കുപിന്നാലെ വീട്ടിലെത്തിയ പൊലീസ് വനിതയെ ഒഴിപ്പിച്ചു. പൊലീസിനെ ഉപയോഗിച്ച് പിതാവ് തന്നെ മർദ്ദിച്ചതായും വീട്ടിൽ താമസിക്കാൻ പിതാവ് അനുവദിക്കുന്നില്ലെന്നും വനിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോകാൻ ഇടമില്ലാതെ താനിപ്പോൾ തെരുവിലാണ് നിൽക്കുന്നതെന്നും വനിത പറഞ്ഞു. അതേസമയം, അനധികൃതമായി സ്വത്ത് കൈക്കലാക്കാനാണ് വനിത ശ്രമിക്കുന്നതെന്നാണ് സഹോദരങ്ങൾ പറയുന്നത്.


(വീഡിയോ കടപ്പാട്: സൺ ന്യൂസ്)

വിജയകുമാറിന്റെ മൂത്ത മകളാണ് വനിത. വിജയ് നായകനായ ചന്ദ്രലേഖ എന്ന സിനിമയിലൂടെയാണ് വനിതയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടി പ്രീത വിജയകുമാറും നടൻ അരുൺ വിജയകുമാറും സഹോദരങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook