ന്യൂഡൽഹി: തനിക്കെതിരെ മാധ്യമപ്രവര്‍ത്തക പ്രിയ രമണി ഉന്നയിച്ച മീ ടൂ ആരോപണത്തിനെതിരെ, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസിൽ ഫെബ്രുവരി 17ന് ഡൽഹി ഹൈക്കോടതി വിധി പറയും. ഇന്ന് വിധി പറയാനിരുന്ന കേസ് മാറ്റിവയ്ക്കുകയായിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായിരുന്നു എംജെ അക്ബറിനെതിരെ പ്രിയയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ മറ്റ് സ്ത്രീകളും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജി വച്ചതിന് പിന്നാലെ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിക്കുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് അക്ബറും രമണിയും വാദം പൂർത്തിയാക്കിയ ശേഷം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.

Read More: ‘അത് പരസ്പര സമ്മതത്തോടെയുളള ബന്ധമായിരുന്നു’: പത്രപ്രവർത്തകയുടെ ആരോപണത്തിനെതിരെ എംജെ അക്ബർ

മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല, വർഷങ്ങൾകൊണ്ട് താൻ ആർജ്ജിച്ചെടുത്ത കീർത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബർ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിട്ടുണ്ട്.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് ‘മീ ടൂ’ കാമ്പയിന്‍ തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് അത് ലോകമെമ്പാടും തരംഗമായി. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായി, അക്ബറിനെതിരെ ആരോപണവുമായി എത്തിയത് പ്രിയ രമണിയായിരുന്നു. 2017-ൽ ‘ലോകത്തിലെ ഹാര്‍വി വെയിന്‍സ്റ്റീൻമാരോട്’ എന്ന തലക്കെട്ടിൽ വോഗിനായി എഴുതിയ ലേഖനത്തിലാണ്, 1994ൽ ഒരു മാധ്യമ സ്ഥാപനത്തിലേക്കുള്ള തൊഴിൽ അഭിമുഖത്തിനിടെ അവിടുത്തെ തൊഴിൽ മേധാവി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു ലേഖനത്തിൽ പ്രിയ രമണി ആരോപിച്ചത്. അക്ബറിന്റെ മേധാവിത്വത്തിലുള്ള ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലിക്കായുള്ള അഭിമുഖത്തിനിടെ എം ജെ അക്ബർ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പിന്നീട് 2018ൽ ട്വിറ്ററിൽ നടത്തിയ വെളിപ്പെടുത്തലിൽ പ്രിയ രമണി പറഞ്ഞു.

“നിങ്ങള്‍ എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു. നിങ്ങളുടെ ബൗദ്ധികമായ ഔന്നത്യത്തില്‍ ആകൃഷ്ടയായാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത് പോലും.” എം.ജെ.അക്ബറിനെതിരായ ട്വീറ്റില്‍ പ്രിയ രമണി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.

ഒരു ഡസനോളം വനിത മാധ്യമപ്രവർത്തകരായിരുന്നു അക്ബറിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. ആരോപണങ്ങളെ തളളിയ അക്ബർ, ഇവയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് അക്ബറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook