ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നായിഡുവിന് വിജയം. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെട്ടത്. 244 വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 785 എംപിമാരില്‍ 771 പേരാണ് വോട്ട് ചെയ്തത്.
11 വോട്ടുകള്‍ അസാധുവായി. അസാധുവായതിൽ ഏഴ് എണ്ണവും പ്രതിപക്ഷത്തുനിന്നാണ്. മുസ്ലീം ലീഗിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ14 പേർ വോട്ട് ചെയ്തില്ല. പ്രതീക്ഷിച്ചതിനേക്കാൾ 19 വോട്ടുകൾ കൂടുതലായി വെങ്കയ്യയ്ക്കു കിട്ടി. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ള എൻഡിഎയ്ക്ക് രാജ്യസഭയിലെയും പകുതിയോളം വോട്ട് സമാഹരിക്കാനായി.
പുതിയ ഉപരാഷ്ട്രപതിക്ക് അഭിനന്ദനവുമായി പ്രമുഖരെത്തി. ഉപരാഷ്ട്രപതിയുടെ ഓപീസ് പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തിന് കഴിയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വെങ്കയ്യയെ അഭിനന്ദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടുത്ത രാഷ്ട്രപതിക്ക് അഭിനന്ദനം അറിയിച്ചു.
25 വർഷത്തെ പാർലമെന്ററി പ്രവർത്തന പരിചയവുമായാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തിൽ എത്തുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കർഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള നായിഡു. പ്രധാനമന്ത്രിക്കും എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും നന്ദി പറയുന്നതായി വെങ്കയ്യ അറിയിച്ചു.ഒരു കര്‍ഷക കുടുംബത്തില്‍ നിന്നും വന്ന തനിക്ക് ഇവിടെ എത്താന്‍ കഴിയുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ 10 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 5 മണിക്കാണ് അവസാനിച്ചത്. 98.21 ശതമാനം ആണ് വോട്ടിംഗ് ശതമാനം. കേരളത്തിൽ നിന്നുള്ള മുസ്ളിംലീഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല. പാര്‍ലമെന്റിലേക്ക് വൈകി എത്തിയതാണ് ഇരുവര്‍ക്കും വിനയായത്. വോട്ടിംഗ് സമയം കഴിഞ്ഞതിനു ശേഷമായിരുന്നു ഇരുവരും പാര്‍ലമെന്റിലെത്തിയത്.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ ആയിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം. വോട്ട് ചെയ്യാനായി മുംബയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച ഇരുവരും മൂന്ന് വിമാനങ്ങൾ മാറിക്കയറിയാണ് പാർലമെന്റിലെത്തിയത്. അപ്പോഴേക്കും വോട്ടിംഗ് സമയം അവസാനിച്ചിരുന്നു. അതേസമയം വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്നും പകരം സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.അഞ്ച് മണിക്കൂറാണ് വിമാനത്തിനകത്ത് ഇരുന്നതെന്നും മനപ്പൂര്‍വമായിരുന്നു നടപടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.