പത്ത് വയസുളളപ്പോഴാണ് മുപ്പാവരപ്പ് വെങ്കയ്യ നായിഡു ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. സംഘടനയുടെ പ്രത്യയശാസ്ത്രം ആയിരുന്നില്ല ആ ബാലനെ ആകര്‍ഷിച്ചത്, മറിച്ച് കബഡി എന്ന കായിക ഇനമായിരുന്നു!

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ നിന്നുളള കര്‍ഷകന്റെ മകനായിരുന്ന വെങ്കയ്യ 1963ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ പരിപാടിയുടെ അനൗന്‍സറാവുകയും, പിന്നീട് എംഎല്‍എ സ്ഥാനം എത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ വളര്‍ച്ച അവിടം കൊണ്ടൊന്നും നിന്നില്ല.

പാര്‍ട്ടി വക്താവായി മാറിയ വെങ്കയ്യ എംപിയാവുകയും, ബിജെപിയുടെ ജെനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. ഉപരാഷ്ട്രപതിയായി വെങ്കയ്യയെ തെരഞ്ഞെടുക്കുമ്പോള്‍ വാജ്പേയ്ക്കും അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിയ്ക്കും ശേഷമുളള മുതിര്‍ന്ന ബിജെപി നേതാവെന്ന ടാഗ്ലൈനും വെങ്കയ്യ നായിഡുവിന്റെ പേരിനൊപ്പം ചേര്‍ന്ന് നില്‍ക്കും.

ഒന്നര വയസ് മാത്രം ഉളളപ്പോഴാണ് വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടമാകുന്നത്. ഒരു റോഡ് അപകടത്തിലായിരുന്നു മാതാവിന്റെ വിയോഗം. “പിന്നീട് പാര്‍ട്ടി എന്റെ മാതാവായി മാറുകയായിരുന്നു” എന്ന് വെങ്കയ്യ ഒരു പരിപാടിക്കിടെ ഇടറിയ ശബ്ദത്തോടെ പറഞ്ഞിരുന്നു. 1963ല്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യമായി വാജ്പേയിയെ നേരിട്ട് കണ്ടത്.

വാജ്പേയിയുടെ പരിപാടികള്‍ക്ക് അനൗണ്‍സ്മെന്റ് ചെയ്യാനായി വെങ്കയ്യയെ ആണ് തെരഞ്ഞെടുത്തത്. പിന്നീട് എല്ലാ പരിപാടികളിലും വെങ്കയ്യയുടെ ശബ്ദം മുഴങ്ങി. വാജ്പേയിക്കും എല്‍കെ അദ്വാനിക്കും ഒപ്പം ഒരേ വേദികള്‍ തന്നെ പിന്നീട് പങ്കിടാനാവുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് വെങ്കയ്യ ഒരിക്കല്‍ വ്യക്തമാക്കി.


പിന്നീട് ഇന്ദിരാഗാന്ധി ഭരണത്തിന്‍ കീഴില്‍ വന്ന അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ അദ്ദേഹം മുന്‍നിരയില്‍ നിന്നു. “ഇന്ദിരാ ഗാന്ധിയെ എന്നും വിമര്‍ശനാത്മക ബുദ്ധിയോടെ മാത്രമെ ഞാന്‍ കണ്ടിട്ടുളളു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇന്ദിരാ ഗാന്ധി എന്റെ മണ്ഡലത്തിലും വോട്ട് അഭ്യര്‍ത്ഥിച്ച് വന്നത് ഞാന്‍ ഓര്‍ക്കുന്നു”, വെങ്കയ്യ പറഞ്ഞു.

പിന്നീട് 1978ലും 1983ലും നെല്ലൂരിലെ ഉദയഗിരി അസംബ്ലി സീറ്റില്‍ നിന്നും അദ്ദേഹത്തെ എംഎല്‍എയായി തെരഞ്ഞെടുത്തു. രാഷ്ട്രപതി സ്ഥാനത്തേക്കോ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ തനിക്ക് മോഹമില്ലെന്നാണ് നായിഡു നേരത്തേ വ്യക്തമാക്കിയിട്ടുളളത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഉഷയുടെ ഭര്‍ത്താവായി ഇരിക്കാനാണ് എനിക്കിഷ്ടം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സ്ഥാനത്തേക്ക് കണ്ടത് വെങ്കയ്യ നായിഡുവിനെ തന്നെയായിരുന്നു. മോദിയുടെ പ്രതീക്ഷ പോലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തെ ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ