ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടിയെ ന്യായീകരിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡോക്ടര്‍ ബി.ആര്‍.അംബേദ്കറുടേതെന്ന പേരില്‍ പ്രയോഗിച്ചത് ആര്‍എസ്എസ് നേതാവിന്റെ വാക്കുകള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു വെങ്കയ്യ നായിഡു അംബേദ്കറുടേതെന്ന തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചത്.
ഓഗസ്റ്റ് 17 ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അംബേദ്കര്‍ കശ്മീരി നേതാവ് ഷെയ്ഖ് അബ്ദുള്ളയോട് പറയുന്നതായാണ് വെങ്കയ്യ നായിഡു എഴുതിയിരിക്കുന്നത്. അത് ഇപ്രകാരമാണ്,
”മിസ്റ്റര്‍ അബ്ദുള്ള, ഇന്ത്യ കശ്മീരിനെ പ്രതിരോധിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങളുടെ അതിര്‍ത്തികളെ ഇന്ത്യ സംരക്ഷിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ നാട്ടില്‍ റോഡുകളുണ്ടാക്കണം, നിങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കണം, കശ്മീരിനെ ഇന്ത്യയുടേതിന് തുല്യമായ പദവി ലഭിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇന്ത്യയ്‌ക്കോ ഇന്ത്യാക്കാരനോ കശ്മീരില്‍ ഒരു അവകാശവും പാടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരിന് കശ്മീരില്‍ നിശ്ചിത അധികാരമേ പാടുള്ളൂവെന്നും നിങ്ങള്‍ കരുതുന്നു. ഈ നിർദേശങ്ങള്‍ അംഗീകരിച്ചാലത് ഇന്ത്യയുടെ താല്‍പര്യങ്ങളെ വഞ്ചിക്കലാകും. ഇന്ത്യയുടെ നിയമ മന്ത്രി എന്ന നിലയില്‍ ഞാനത് ഒരിക്കലും ചെയ്യില്ല. എന്റെ രാജ്യത്തെ വഞ്ചിക്കാന്‍ എനിക്കാകില്ല”.
ഈ വാക്കുകളുടെ സോഴ്‌സായി വെങ്കയ്യ നായിഡു നല്‍കിയിരിക്കുന്നത് എന്‍എസ് ബുസിയുടെ 2016 ല്‍ പുറത്തിറങ്ങിയ Dr.B.RAmbedkar: Framing of Indian Constitution എന്ന പുസ്തകമാണ്. പക്ഷെ ബുസിയുടേതല്ല ഈ വാക്കുകള്‍. ആര്‍എസ്എസ് നേതാവിന്റേതാണ്. താന്‍ തന്നെ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാറിയെന്നാണ് ബുസി ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ റവന്യൂ വകകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ബുസി. ഈ വാക്കുകളുടെ ഉറവിടമായി ബുസി ചൂണ്ടിക്കാണിക്കുന്നത് ആര്‍എസ്എസ് നേതാവായ ബല്‍രാദ് മഥോക്കിനെയാണ്. ബിജെപിയുടെ പഴയരൂപമായ ജനസംഘത്തിന്റെ നേതാവായിരുന്നു മഥോക്.
”നായിഡു ഉപയോഗിച്ച വാക്കുകള്‍ എന്റെ പുസ്തകത്തിന്റെ 472-ാം പേജിലാണുള്ളത്. ഞാനത് എടുത്തത് എച്ച്.ആര്‍.ഭോന്‍സ എന്ന എഞ്ചിനിയറുടെ പുസ്തകത്തില്‍ നിന്നുമാണ്. 2013 ഫെബ്രുവരി 20 ന് ദലിത് വിഷനില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്നുമാണ് ഞാനതെടുത്തത്. അദ്ദേഹം അതെടുത്തത് 2004 നവംബര്‍ 14 ന് ആര്‍എസ്എസിന്റെ മൗത്ത്പീസായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ബര്‍രാജിന്റെ ലേഖനത്തില്‍ നിന്നുമാണ് ” ബുസി ദ വയറിനോട് പറയുന്നു.