ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ രാജിക്ക് പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണി. വെങ്കയ്യ കൈര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ വകുപ്പിന്റെ അധിക ചുമതല കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കാണ് നല്‍കിയത്. നഗര വികസന മന്ത്രാലയത്തിന്റെ ചുമതല നരേന്ദ്രസിംഗ് തോമർ വഹിക്കും. എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വെങ്കയ്യ നായിഡു മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്.

സ്മൃതി ഇറാനി നിലവില്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയാണ്. ഗ്രാമവികസന വകുപ്പ് വഹിച്ചിരുന്ന തോമറിന് നഗരവികസനത്തിന്റെ കൂടി അധികചുമതല നല്‍കുകയായിരുന്നു. നിലവില്‍ പ്രതിരോധ മന്ത്രിയായ അരുണ്‍ ജെയ്റ്റ്‍ലി പരിസ്ഥിതി മന്ത്രാലയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. മന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞടുത്തത്.

തിങ്കളാഴ്ച്ചയാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി വെങ്കയ്യ നായിഡുവിനെ തെരഞ്ഞെടുത്തത്. ബിജെപി പാർലമെന്ററി യോഗമാണ് വെങ്കയ്യ നായിഡുവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കി ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ വിജയം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നേരത്തേ, പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ