ന്യൂഡൽഹി: രാജ്യത്തെ നിരാലംബരായ എല്ലാവർക്കും വീട് നിർമ്മിച്ചുനൽകാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ആദ്യഘട്ടത്തിന് അടുത്ത മാസം തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 10000 വീടുകളാണ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം ഛണ്ഡീഗഡിലെ മലോയയിൽ ആണ് തുടക്കം കുറിക്കുന്നത്.

വീട് പദ്ധതിയ്ക്കായി കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുളള വിവരശേഖരണം നടത്തിയപ്പോൾ ഛണ്ഡീഗഡിൽ നിന്നാണ് വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. “ആഗസ്തിൽ നിർമ്മാണം ആരംഭിച്ചാൽ 18 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും”, എന്ന് ഛണ്ഡീഗഡ് ഹൗസിംഗ് ബോർഡ് ചെയർമാൻ മനിന്ദർ സിംഗ് പറഞ്ഞു.

മലോയക്കടുത്താണ് ഛണ്ഡീഗഡ് ഭരണകൂടം ഇതിനായി സ്ഥലം കണ്ടിരിക്കുന്നത്. പദ്ധതിയുടെ അവലോകന യോഗത്തിൽ പുതുച്ചേരി മുഖ്യമന്ത്രി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ, തുടങ്ങിയവർ പങ്കെടുത്തു.

1.27 ലക്ഷം അപേക്ഷകളാണ് ആദ്യ ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്ന് യോഗ്യരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആദ്യഘട്ടത്തിലെ പതിനായിരം വീടുകളിൽ 3500 എണ്ണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളതാണ്.

3000 വീടുകൾ കുറഞ്ഞ വരുമാനമുള്ളവർക്കും, ഇടത്തരം വരുമാനമുള്ളവരുടെ ഒന്നാം ഗ്രൂപ്പിന് 2000 വീടുകളും രണ്ടാം ഗ്രൂപ്പിന് 1500 വീടുകളുമാണ് പണിയുന്നത്.

പത്ത് ഘട്ടങ്ങളിലായി 2022 ന് മുൻപ് 50000 വീടുകൾ പണികഴിപ്പിക്കാനാണ് പ്രധാനമന്ത്രി ആവാസ് യോജയനയിലൂടെ ലക്ഷ്യമിടുന്നത്.

മൂന്ന് ലക്ഷം രൂപ വരെ പ്രതിവർഷം വരുമാനമുള്ളവരാണ് ആദ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുക. മൂന്ന് മുതൽ ആറ് ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് രണ്ടാമത്തെ വിഭാഗമായ കുറഞ്ഞ വരുമാനമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുക. ഇടത്തരം സാമ്പത്തിക വിഭാഗത്തിലെ ഒന്നാം ഗ്രൂപ്പിലുള്ളവർക്ക് 12 ലക്ഷം പ്രതിവർഷം വരുമാനവും രണ്ടാം ഗ്രൂപ്പിലുള്ളവർക്ക് 18 ലക്ഷം പ്രതിവർഷ വരുമാനവും കണക്കാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook