ചെന്നൈ: ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആദ്യ ചിത്രം പുറത്ത്. കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കരുണാനിധിയുടെ ചിത്രം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പുറത്തുവിട്ടത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തമിഴ്നാട് ഗവർണർ ബെൻവാരിലാൽ പുരോഹിത്, കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, മകളും രാജ്യസഭ എംപിയുമായ കനിമൊഴി എന്നിവരെയും ചിത്രത്തിൽ കാണാം.
”കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു”, കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷം വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ഗോപാലപുരത്തെ വീട്ടിൽനിന്നും ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് കരുണാനിധിയെ മാറ്റുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലായെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.
ഡിഎംകെ പ്രസിഡന്റ് ആയതിന്റെ 50-ാം വാർഷിക പരിപാടികൾക്കിടെ ആണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്. ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയായിരുന്നു ചികിത്സ. മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് പനിയുണ്ടായതായും ഇതിനുളള ചികിത്സയിലാണ് കരുണാനിധിയെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കിയത്.
ചലനശേഷിയും സംസാരശേഷിയും കുറഞ്ഞതോടെ 94–കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒന്നര വർഷമായി അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.