ഒരു കിലോ ചിക്കന് 1.46 കോടി, ഒരു കിലോ തക്കാളിയ്ക്ക് 50 ലക്ഷം. ഭക്ഷണവും മരുന്നും വാങ്ങാൻ ചെന്നാൽ, ലക്ഷങ്ങൾ വിട്ടൊരു കളിയില്ല വെനസ്വേലയ്ക്ക്. രാജ്യത്തെ സോഷ്യലിസ്റ്റ് സാമ്പത്തികനയം പരാജയപ്പെട്ടതുമൂലം നാണയപെരുപ്പം കുതിച്ചുയർന്ന സാഹചര്യമാണ് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ആവാത്ത നിലയിലേക്ക് ഉയർത്തുന്നത്.
ഒരു കാലത്തു സമ്പന്ന രാജ്യമായിരുന്നു വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു. സൗത്ത് അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ പ്രാദേശിക കറൻസിയായ ബോളിവറുടെ മൂല്യം കൂപ്പുകുത്തിയതാണ് ഇപ്പോഴത്തെ ഉയർന്ന പണപ്പെരുപ്പത്തിനു കാരണം.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ നേതാവായ കാർലോസ് പാപ്പരോനി ആരോപിക്കുന്നത്. മഡൂറോയുടെ സാമ്പത്തിക നയങ്ങൾ വൻപരാജയമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലായിൽ വെനസ്വേലയുടെ നാണയപ്പെരുപ്പം 82,700 ശതമാനമായി ഉയർന്നിരുന്നു. ഇന്ത്യയിൽ അത് അഞ്ചു ശതമാനത്തിൽ താഴെയാണ്. നാലുവർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും ഉയർന്ന പണപ്പെരുപ്പവുമാണ് വെനസ്വേലയെ ഇത്തരമൊരു ദാരിദ്ര്യാവസ്ഥയിൽ എത്തിച്ചത്.
അതേസമയം, ഇവിടുത്തെ പെട്രോൾ വില കേട്ടാൽ നമ്മൾ മൂക്കത്തു വിരൽവെച്ചുപോകും. ഇന്ത്യൻ രൂപയിൽ ഒരു ലിറ്റർ പെട്രോളിന് ഏഴ് പൈസയാണ് വില വരുന്നത്.
പ്രമുഖ ക്രൂഡോയിൽ ഉത്പാദക രാജ്യമായ വെനസ്വേലയിൽ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്ന് പെട്രോളാണ്. ക്രൂഡോയിൽ വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിലപാട്.