ലക്‌നൗ: വിവിധ സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും പിഎംഎസ്‌വിഎ നിധി യോജനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വഴിയോര കച്ചവടക്കാർക്കായുള്ള മൈക്രോ ക്രെഡിറ്റ് പദ്ധതി നടപ്പാക്കുന്നത് ഓരോ സ്ഥലങ്ങളിലും പല തരത്തിലാണ്. ഉത്തർപ്രദേശ് കഴിഞ്ഞ ഏഴ് മാസത്തിനിടെ 3.5 ലക്ഷം വായ്പകളും തെലങ്കാനയും മധ്യപ്രദേശും 2 ലക്ഷം വീതം വായ്പകളും അനുവദിച്ചപ്പോൾ കേരളത്തിലും ബംഗാളിലും അസമിലും വളരെ ചുരുക്കം വായ്പകളാണ് അനുവദിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് 2020 ജൂണിൽ പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ നിധി പദ്ധതി അവതരിപ്പിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വഴിയോര കച്ചവടക്കാർക്ക് 10000 രൂപ വരെ ലോൺ നൽകുന്നതാണ് പദ്ധതി. 2020 മാർച്ച് 24 മുതൽ കച്ചവടത്തിന് സർട്ടിഫിക്കറ്റുള്ള ഏതൊരാൾക്കും ലോൺ സ്വന്തമാക്കാം.
Also Read: ട്രാക്ടർ പരേഡിന് തയ്യാറെടുത്ത് കർഷകർ; ഡൽഹി പൊലീസ് നാല് റൂട്ടുകൾ നിർദേശിച്ചു
ഇത്തരത്തിൽ ഏറ്റവും കൂടുതൽ വായ്പകൾ അനുവദിച്ചത് ഉത്തർ പ്രദേശിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 3.54 വായ്പാ അപേക്ഷകളിലായി 347.4 കോടി രൂപയാണ് ഈ മാസം 20 വരെ ഉത്തർപ്രദേശിൽ വിതരണം ചെയ്തത്.
പട്ടികയിൽ ഏറ്റവും താഴെ പശ്ചിമ ബംഗാളാണ്. 9 ലക്ഷം രൂപയാണ് ബംഗാളിൽ വായ്പ അനുവദിച്ചത്. 95 പേർക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. ജനസംഖ്യ സാന്ദ്രത കൂടുതലുള്ള ത്രിപുര, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാൾ കുറവാണിത്. പട്ടികയിൽ കേരളവും പിന്നിലാണ്. 6144 പേർക്കായി 6.09 കോടി രൂപയാണ് കേരളത്തിൽ വിതരണം ചെയ്തത്.
Also Read: ഒലിയെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രചണ്ഡ പക്ഷം
തെലങ്കാനയിലും മധ്യപ്രദേശിലും കൂടുതൽ പേർക്ക് പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡർ ആത്മനിർഭർ നിധിയിലൂടെ വായ്പ ലഭ്യമായി. തെലങ്കാനയിൽ 2,39,525 പേർക്കായി 233.6 കോടി രൂപയും മധ്യപ്രദേശിൽ 2,28,535 പേർക്ക് 226.7 കോടി രൂപയും ലഭ്യമാക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 50 കോടി രൂപയ്ക്ക് മുകളിൽ വായ്പയായി നൽകി.