ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായുള്ള നിര്‍ഭയ ഫണ്ടിന് കീഴില്‍ മുംബൈ പൊലീസ് വാങ്ങിയ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും അകമ്പടി പോകാനായി മാത്രം. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശിവസേന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അകമ്പടി നല്‍കാനായാണ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ നിര്‍ഭയ ഫണ്ടില്‍ നിന്ന് 30 കോടി രൂപ ചിലവഴിച്ച് 220 ബൊലേറൊ, 35 എര്‍ട്ടിഗ, 313 പള്‍സര്‍, 200 ആക്ടിവ എന്നിവയാണ് മുംബൈ പൊലീസ് വാങ്ങിയത്. എന്നാല്‍ ജൂലൈയോടെ വാഹനങ്ങളെല്ലാം പൊലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസ്ഥാന സർക്കാരുകൾക്ക് പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2013-ലാണ് കേന്ദ്രം നിര്‍ഭയ ഫണ്ട് ആരംഭിച്ചത്.
എന്നാൽ, മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേന വിഭാഗത്തിലുള്ള 40 എംഎൽഎമാർക്കും 12 എംപിമാർക്കും “വൈ പ്ലസ് വിത്ത് എസ്കോർട്ട്” സുരക്ഷ ഏർപ്പെടുത്തിയതോടെ ജൂലൈയിൽ 47 ബൊലേറോകളാണ് ഇതിനായി എത്തിച്ചത്. വിഐപി സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു നടപടി. 47 ബൊലേറോകളിൽ 17 എണ്ണം തിരികെ നല്‍കിയിട്ടുണ്ട്, 30 എണ്ണം ഇനിയും ബാക്കിയാണ്.
വാഹനങ്ങള്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയതിന് പിന്നാലെ തന്നെ പല സ്റ്റേഷനുകളിലേക്കും എത്തിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാഹനങ്ങളുടെ കുറവ് നികത്തുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍.
“നഗരത്തിലുടനീളമുള്ള 95 പോലീസ് സ്റ്റേഷനുകള്‍ക്കണ് ബൊലേറോകൾ നല്‍കിയത്. ഒരോ സ്റ്റേഷന്റേയും സാഹചര്യമനുസരിച്ചായിരുന്നു വിതരണം. ചില സ്റ്റേഷനുകള്‍ക്ക് ഒന്നിലധികം ബൊലേറോകള്‍ കൊടുത്തിട്ടുണ്ട്,” ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
എന്നാല്‍ സ്റ്റേഷനുകളിൽ എത്തി ദിവസങ്ങൾക്കുള്ളിൽ ബൊലേറോകൾ വിഐപികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതിന് തിരികെ നൽകാൻ ഉത്തരവ് ലഭിക്കുകയായിരുന്നു.
വിഐപി സുരക്ഷയ്ക്കായി നഗരത്തിലുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്ന് മുപ്പതിലധികം വാഹനങ്ങൾ “താത്കാലികമായി” തിരികെ എടുത്തിട്ടുള്ളതായി മോട്ടോർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങൾ പറയുന്നു.
തങ്ങൾ വാഹനങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്റ്റേഷന്‍ അധികാരപരിധിയിൽ താമസിക്കുന്ന നിയമസഭാംഗങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കായി നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നും ഐജി (വിഐപി സെക്യൂരിറ്റി) കൃഷ്ണ പ്രകാശ് പറഞ്ഞു.
വാഹനങ്ങളുടെ കുറവ് മൂലം പല സ്റ്റേഷനുകളും പുതിയ ബൊലേറോകള്‍ വിട്ടു നല്‍കാന്‍ തയാറായില്ല. വാഹനമില്ലാതെ കാല്‍നടയായി പട്രോളിങ്ങിന് പോകാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്.
പോലീസ് സ്റ്റേഷനകളില്‍ വാഹനങ്ങളുടെ കുറവ് അനുഭപ്പെട്ടിരുന്നു, അത് നികത്താൻ വേണ്ടിയാണ് ജൂണിൽ ബൊലേറോകള്‍ വാങ്ങിയതെന്നാണ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.