ന്യൂഡൽഹി: പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം. രജിസ്റ്റർ ചെയ്ത പൊളിക്കൽ കേന്ദ്രം നൽകുന്ന ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർക്കാണ് നികുതി ഇളവ് ലഭിക്കുക. വാഹനം പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ സംബന്ധിച്ച വിജ്ഞാപനത്തിലാണ് ഇളവിന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാനാണ് വാഹന പൊളിക്കൽ നയം കൊണ്ടുവന്നിരിക്കുന്നത്. വാഹനം പൊളിക്കുന്നതിന് പ്രോത്സാഹനം എന്ന നിലയിലാണ് ഇളവ് നൽകുന്നത്. 2022 ഏപ്രിൽ ഒന്ന് മുതലാണ് വിജ്ഞാപനം പ്രാബല്യത്തിൽ വരിക.
ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങൾക്ക് ഇരുപത്തിയഞ്ച് ശതമാനം വരെയും യാത്രാ (വാണിജ്യ) വാഹനങ്ങൾക്ക് പതിനഞ്ച് ശതമാനം വരെയുമാണ് നികുതി ഇളവ് ലഭിക്കുക.
യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ എട്ട് വർഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ പതിനഞ്ച് വർഷം വരെയും ഇളവ് ലഭ്യമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ്പേജ് പോളിസിപ്രകാരം വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവുമാണ് ഉപയോഗിക്കാനാവുക.