ന്യൂഡൽഹി: പുരാണത്തിലും വേദങ്ങളിലും അറിവുണ്ടെങ്കിൽ വിദ്യാഭ്യാസത്തിൽ അതിനുള്ള ക്രെഡിറ്റ് നേടാനും ഇനി വിദ്യാർഥികൾക്ക് സാധിക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിന്റെ (എൻസിആർഎഫ്) അന്തിമ റിപ്പോർട്ട് അനുസരിച്ച്, പുരാണങ്ങൾ, വേദങ്ങൾ, ഇന്ത്യൻ വിജ്ഞാന സമ്പ്രദായം എന്നിവയിൽ പ്രത്യേക അറിവ് നേടുന്ന വിദ്യാർഥികൾക്ക് ക്രെഡിറ്റ് നേടാൻ കഴിയും.
ക്രെഡിറ്റുകൾ എന്നത് “പഠിതാവ് ഒരു നിശ്ചിത തലത്തിലുള്ള യോഗ്യതയ്ക്ക് അനുസൃതമായി മുൻകാല പഠന കോഴ്സ് പൂർത്തിയാക്കിയതിന്റെ അംഗീകാരം” ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് പഠിച്ചത് അളക്കുന്നതിനുള്ള ഒരു മാർഗമാണ്.
എൻസിആർഎഫ് ക്രെഡിറ്റ് സമ്പ്രദായം നടപ്പിലാക്കുന്ന സ്കൂളുകളും കോളേജുകളും സർവകലാശാലകളും പാലിക്കേണ്ട ഒരു കൂട്ടം മാർഗനിർദേശങ്ങളുണ്ട്. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തമായി ക്രെഡിറ്റുകളുടെ പരിധിയിൽ കൊണ്ടുവരുന്നത് ആദ്യമായിട്ടാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് മാത്രമാണ് ഇതുവരെ ക്രെഡിറ്റ് സമ്പ്രദായം പിന്തുടർന്നിരുന്നത്. എൻസിആർഎഫിൽ നൈപുണ്യവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉൾപ്പെടുന്നുണ്ട്.
ഡോക്യുമെന്റിൽ 18 പ്രധാന വിദ്യകൾ അല്ലെങ്കിൽ സൈദ്ധാന്തിക വിഷയങ്ങൾ പട്ടികപ്പെടുത്തുന്നുണ്ട്. കൂടാതെ 64 കലകൾ, അപ്ലൈഡ് സയൻസസ് അല്ലെങ്കിൽ വൊക്കേഷണൽ ഡിസിപ്ലിനുകളും കരകൗശലവിദ്യകളും സ്കൂൾ വിദ്യാഭ്യാസ സമയത്ത് നേടിയ ക്രെഡിറ്റുകളിലേക്ക് കണക്കാക്കാം. 2022 ഒക്ടോബറിൽ ഫീഡ്‌ബാക്കിനായി ആദ്യമായി എൻസിആർഎഫ് ഡ്രാഫ്റ്റ് പങ്കിട്ടപ്പോൾ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല.
എന്നിരുന്നാലും, തിങ്കളാഴ്ച യുജിസി പങ്കിട്ട പുതിയ രേഖയിൽ, ദേശീയ അന്തർദേശീയ തലത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ക്രെഡിറ്റുകൾ നേടാൻ കഴിയുന്ന ആറ് മേഖലകളിൽ ഒന്നായി ” സ്പെഷ്യൽ എക്സ്പെർട്ടെസ് ഇൻ ഇന്ത്യൻ നോളജ് സിസ്റ്റം” ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിംസ് ആൻഡ് സ്പോർട്സ്, പെർഫോമിങ് ആർട്സ്, ക്രാഫ്റ്റ്സ്മാൻ ഓഫ് ഹെറിറ്റേജ്, സോഷ്യൽ വർക്ക്, സ്പെഷ്യൽ ആച്ചീവ്മെന്റ് ഇൻ ഇന്നോവേഷൻ എന്നിവയാണ് മറ്റുള്ളവ.
നാല് വേദങ്ങൾ ഉൾപ്പെടെയുള്ള 18 വിദ്യകളിലെ അറിവ് എന്നത്, നാല് അനുബന്ധ വേദങ്ങൾ (ആയുർവേദം-വൈദ്യം, ധനുർവേദം – ആയുധം, ഗന്ധർവ്വേദം-സംഗീതം, ശിൽപം – വാസ്തുവിദ്യ), പുരാണം, നയം, മീമാംസ, ധർമ്മശാസ്ത്രം, വേദാംഗം, ആറ് സഹായ ശാസ്ത്രങ്ങൾ എന്നിവയാണെന്ന് എൻസിആർഎഫ് പറയുന്നു. കൂടാതെ സ്വരസൂചകം, വ്യാകരണം, മീറ്റർ, ജ്യോതിശാസ്ത്രം, ആചാരം, തത്ത്വചിന്ത എന്നിവയും “ക്രെഡിറ്റൈസേഷനായി” പരിഗണിക്കാം.
ക്രെഡിറ്റുകളായി കണക്കാക്കാവുന്ന 18 വിദ്യകളിലെ പ്രത്യേക നേട്ടങ്ങൾ, മെഡലുകൾ, ദേശീയ അന്തർദേശീയ ഇവന്റുകളിലെ സ്ഥാനങ്ങൾ, പത്മ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന മറ്റ് അവാർഡുകൾ, ഉയർന്ന സ്വാധീനം ചെലുത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയായിരിക്കാം.
നേടിയ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക നേട്ടങ്ങൾ എങ്ങനെ കണക്കാക്കാം എന്നതിന് എൻസിആർഎഫ് രേഖയിൽ പറയുന്നതിങ്ങനെ, “ഒരാൾ ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുമ്പോൾ, ഈ ഫലത്തിനും നേട്ടത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പും പരിശീലനവും ഫിസിക്കൽ എജ്യുക്കേഷനിൽ ബിവോക് ബിരുദത്തിനുള്ള ആവശ്യകതകൾക്ക് ഈ നൈപുണ്യ ക്രെഡിറ്റുമായി (ഉദാഹരണത്തിന് 70 ശതമാനം എന്ന് കണക്കാക്കാം) തുല്യമാക്കാം. ശേഷിക്കുന്ന 30 ശതമാനം അക്കാദമിക് ക്രെഡിറ്റുകൾ കൂടി നേടിയാൽ ഈ വ്യക്തിക്ക് ഫിസിക്കൽ എജ്യുക്കേഷനിൽ തൊഴിലധിഷ്ഠിത ബിരുദം ലഭിക്കും.