ന്യൂഡല്‍ഹി: വി.ഡി.സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്ത ആളാണെന്നും അദ്ദേഹം ഭാരതരത്‌ന അര്‍ഹിക്കുന്നെന്നും അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിനു പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അണ്ണാ ഹസാരെ ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യസമര കാലത്ത് സവര്‍ക്കര്‍ അനുഭവിച്ച ദുരിതങ്ങൾക്ക് ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു.
“സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിനുവേണ്ടിയാണ്. വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടായിരുന്നു സവര്‍ക്കാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തെറ്റോ ശരിയോ എന്ന് പരിശോധിക്കരുത്. രാഷ്ട്രീയക്കാര്‍ക്ക് പരസ്പരം വെറുപ്പാണ്. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരതരത്‌ന നല്‍കുന്നതില്‍ എന്താണ് തെറ്റ്” ഹസാരെ ചോദിക്കുന്നു.
Read Also: മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് പ്രചാരണം അവസാനിക്കും; മേല്‍ക്കൈ നേടാന്‍ ബിജെപി
ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമർശനങ്ങളെയും ഹസാരെ എതിർത്തു. ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു.
സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി വാദിക്കുന്നതിനിടെയാണ് അണ്ണാ ഹസാരെയുടെ പ്രസ്താവന. വീര്‍ സവര്‍ക്കര്‍, മഹാത്മ ജ്യോതിബ ഫുലെ, സാവിത്രിബായ് ഫുലെ എന്നിവര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മഹാരാഷ്ട്രയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു.