അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗതിമാറി വീശുമെന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. തീരത്തെത്തുമെങ്കിലും കരയിലേക്ക് കയറുകയോ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയോ ചെയ്യില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്.

വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് കര തൊടില്ലെങ്കിലും ശക്തമായ കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്നലെ വൈകിട്ട് അഞ്ച് മണിവരെ 2.15 ലക്ഷം ആളുകളെ വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗമായിരുന്നു കാറ്റിന് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ വായു 145 മുതല്‍ 175 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാറ്റി പാര്‍പ്പിക്കല്‍. വെരാവല്‍ കടല്‍ തീരത്ത് മാത്രം അരലക്ഷത്തോളം പേരെ മാറ്റിയിട്ടുണ്ട്.

മത്സ്യ ബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 408 വില്ലേജുകളിലെ 60 ലക്ഷം ആളുകള്‍ ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലയില്‍ വരും. ഇവിടെ ഇന്നലെ തന്നെ മഴ ആരംഭിച്ചിട്ടുണ്ട്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 47 സംഘങ്ങള്‍ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ കരസേനയും സജ്ജമാണ്. മരണരഹിത രക്ഷാ പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ഗാന്ധിനഗറിലെ കണ്‍ട്രോള്‍ റൂമിലിരുന്നായിരിക്കും മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook