ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു കാരണം കേന്ദ്ര സര്‍ക്കാരോ വത്തിക്കാനോ എന്ന ചര്‍ച്ച സജീവമാകുമ്പോഴാണ് ഒമാന്റെ വാര്‍ത്താ കുറിപ്പ്. വത്തിക്കാന്‍ ഗവണ്മെന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വൈദികനെ മോചിപ്പിച്ചതെന്ന് ഒമാന്‍ പത്രക്കുറിപ്പില്‍ പറയുന്നു. യെമന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം യാഥാര്‍ഥ്യമായതെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
അതേസമയം, തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും ഫാ. ടോം ഉഴുന്നാലില്‍ നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫാദറുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും സുഷമ സ്വരാജ് അറിയിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം പുറത്തു വിട്ടത്.
ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മോചനത്തിനുശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഫാ.ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം ഇന്ത്യയിലേക്ക് എന്ന് വരുമന്ന് അറിയില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു.