ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും എതിരെ ആഞ്ഞടിഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. കേന്ദ്ര സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇപ്പോള്‍ മാറ്റത്തിന് സമയമായെന്നും ചിദംബരം പറഞ്ഞു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ വാക്ചാതുര്യത്തിലും മോഹന വാഗ്‌ദാനങ്ങളിലും വീണതുകൊണ്ടാണ് ജനങ്ങള്‍ വസുന്ധര രാജെയെ അധികാരത്തില്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ഇരുവരും അതൊന്നും പാലിച്ചില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

സാമ്പത്തിക വളര്‍ച്ചയെ രണ്ടക്കമാക്കി മാറ്റുമെന്ന് പറഞ്ഞ സര്‍ക്കാരിന് അതിനായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായില്ല, ആളുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ, മൂലധനം വര്‍ധിപ്പിക്കാനോ, കയറ്റുമതി വളര്‍ത്താനോ കഴിഞ്ഞില്ലെന്ന് ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇല്ലാതായി, ചെറുകിട വ്യവസായികളെ സൂക്ഷ്മ വ്യവസായികളാക്കി, ചെറുകിട സംരംഭകരെ കടബാധ്യതയിലേക്ക് തള്ളിവിട്ടുവെന്ന് ചിദംബരം കുറ്റപ്പെടുത്തി.

രാജസ്ഥാനിലെ അവസ്ഥയും ഇതുപോലെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചു, വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച, സ്ത്രീകളുടെ സാക്ഷരതാ നിരക്ക് കുറഞ്ഞു, ആരോഗ്യ മേഖലയുടെ അവസ്ഥയും പരിതാപകരമാണെന്ന് ചിദംബരം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook