ജയ്‌പൂർ: ആൾക്കൂട്ട കൊലപാതകങ്ങൾ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണമായ കാര്യമല്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ. ആൾവാറിൽ അക്ബർ ഖാനെന്ന യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാൻ താൻ ദൈവമല്ലെന്നും വസുന്ധര രാജെ പറഞ്ഞു.

മാന്യമായ തൊഴിൽ ലഭിക്കാത്തതു കാരണമുള്ള നിസ്സഹായതയാണ് പലപ്പോഴും ആൾക്കൂട്ട മർദ്ദനത്തിന് കാരണം. ഇത് എല്ലാ വിഭാഗം മനുഷ്യരിലും ഉള്ളതാണ്. ഒരു സംസ്ഥാനത്തെ ആളുകളിൽ മാത്രം കാണുന്നതല്ലെന്നും അവർ പറഞ്ഞു.

അതേസമയം, വസുന്ധര രാജെയ്ക്ക് മുറപടിയുമായി ബിജെപി എംപി രംഗത്തെത്തി. സംസ്ഥാനം ജാഗ്രത പാലിക്കാത്തതാണ് അല്‍വാര്‍ പോലുള്ള ആൾക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ബിജെപി എംപിയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഹരീഷ് മീന പറഞ്ഞു.

ആൾവാര്‍ സംഭവം സംസ്ഥാനത്ത് മാത്രം നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ലെന്ന മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ട കൊലപാതകങ്ങള്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ എപ്പോഴും ലാഘവത്തോടെയാണ് കണ്ടിരുന്നതെന്നും സര്‍ക്കാരിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഹരീഷ് മീന പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ