ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര സംരക്ഷണ ആശുപത്രികളുടെ ശൃംഖലയിലൊന്നായ വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.എം അരുണിനെ (52) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.

ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒമന്‍ദുരാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറിയ വാസന്‍ ഐ കെയറിലേയ്ക്കുള്ള തുടക്കം തിരുച്ചിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നായിരുന്നു. പിന്നീട് തിരുച്ചിയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വാസന്‍ ഐ കെയറിന്റെ കീഴില്‍ 100 ആശുപത്രികള്‍ രാജ്യത്താകമാനം തുറന്നു. ഇതിനിടെ, വാസന്‍ ഡെന്റല്‍ കെയറും തുടങ്ങി. 600 ഒഫ്താല്‍മോളജിസ്റ്റും 6000ത്തോളം സ്റ്റാഫുകളുമാണ് വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook