ലക്നൗ: വരുണ്‍ ഗാന്ധി, മുരളി മനോഹര്‍ ജോഷി, വിനയ് കടിയാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉത്തർപ്രദേശിലെ താര പ്രചാരകരുടെ പേരുകൾ ബിജെപി പ്രഖ്യാപിച്ചു. മൂന്ന്, നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പ്രചാരകരിലാണ് വരുണിനെയും മനോഹര്‍ ജോഷിയേയും കേന്ദ്ര നേതൃത്വം ഉൾപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ തുടങ്ങി നാല്‍പതോളം പേരും താര പ്രചാരകരിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ബിജെപിയുടെ പ്രചാരണത്തിന് എത്തുന്നുണ്ട്.

സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലൂടെ വരുണ്‍ ഗാന്ധിയിൽ നിന്നും നിർണായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം വന്നതോടെ പാര്‍ട്ടിയില്‍ പ്രതിരോധത്തിലായ ആളാണ് വരുണ്‍ ഗാന്ധി. വരുണ്‍ ഗാന്ധിയുടെ മാതാവും കേന്ദ്ര മന്ത്രിയുമായ മേനകാ ഗാന്ധി ആദ്യ രണ്ട് ഘട്ടങ്ങളിലെ പ്രചാരണ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പുതിയ ലിസ്റ്റില്‍ മേനകയുടെ പേരില്ല. യോഗി ആദിത്യനാഥ്, ഹാസ്യതാരം രാജു ശ്രീവാസ്തവ, ഹേമ മാലിനി എന്നിവരും താര പ്രചാരക ലിസ്റ്റിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ