ന്യൂഡൽഹി: യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മകനെതിരെ അന്വേഷണം നടക്കുകയാണെന്ന് ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബറാല. കേസിൽ വികാസിനെതിരെ സ്വീകരിക്കേണ്ട നടപടികൾ കൈകൊളളും. അന്വേഷണത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ഞാനോ ബിജെപിയോ ശ്രമിച്ചിട്ടില്ല. പരാതിക്കാരിയായ വർണിക തനിക്ക് മകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളി രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ആഡംബരവാഹനത്തിൽ പിന്തുടർന്നു വികാസും സുഹൃത്തും തന്റെ വണ്ടി തടയുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ഗ്ലാസിൽ അടിക്കുകയും ചെയ്തെന്നാണു യുവതിയുടെ ആരോപണം. തനിക്കുണ്ടായ അനുഭവം ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾ വർണിക ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബറാലയുടെ മകൻ വികാസും സുഹൃത്ത് ആശിഷുമാണ് കേസിലെ പ്രതി. യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് ഇരുവര്‍ക്കെതിരെയുമുളള കേസ്. അതിനിടെ യുവതിയുടെ കാറിനെ വികാസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ