വാരാണസി: നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവറിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. വാരാണസിയിലെ കണ്ടോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സംഭവം. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് പൊലീസിന്റെ നിഗമനം.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. സംഭവ നടന്ന ഉടനെ തന്നെ രക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും വാഹനങ്ങളും അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സംഭവ സ്ഥലം സന്ദര്‍ശിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉപമുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് നിർദേശം നല്‍കിയിട്ടുണ്ട്. 250 ഓളം എന്‍ഡിആര്‍എഫ് ജവാന്മാരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും പരുക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook