വാരാണസി: ബലാത്സംഗ കേസില്‍ കോടതി ശിക്ഷ വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സന്ന്യാസിമാര്‍ പ്രതിഷേധം നടത്തി. വാരാണസിയിലാണ് ഒരുകൂട്ടം സന്ന്യാസിമാര്‍ വിവാദ ആള്‍ദൈവത്തിനെതിരെ രംഗത്ത് വന്നത്. പ്ലക്കാര്‍ഡുകള്‍ ഏന്തി മുദ്രാവാക്യം മുഴക്കിയ സന്ന്യാസിമാര്‍ റാം റഹീമിനെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു.
സന്ന്യാസി എന്നാല്‍ എല്ലാം ഉപേക്ഷിച്ചവനാണെന്നും പണത്തിനും പദവിക്കും കാമത്തിനും പിറകെ പോയ റാം റഹീം കുറ്റവാളിയാണെന്നും സന്ന്യാസിമാര്‍ പറഞ്ഞു. “ഒരു യഥാര്‍ത്ഥ സന്ന്യാസി എല്ലാം ഉപേക്ഷിച്ച് ലളിതമായ ജീവിതം നയിക്കുന്നവനാണ്. റാം റഹീമിന് ശക്തമായ ശിക്ഷ തന്നെ നല്‍കണം. അയാളെ തൂക്കിലേറ്റണം”, ഒരു സന്ന്യാസി വ്യക്തമാക്കി.
ആശ്രമത്തിലെ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ്ങിന് രണ്ട് ബലാത്സംഗ കേസുകളിലായി പത്ത് വര്‍ഷം വീതം ആകെ 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ ഗുര്‍മീത് 30 ലക്ഷം രൂപ പിഴയായി അടക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണം. എന്നാല്‍ പ്രതിക്ക് കിട്ടിയ ശിക്ഷയില്‍ താന്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിന് ഇരയായ യുവതി പ്രതികരിച്ചു.
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് റോത്തക്കിലെ വായനാമുറി താൽക്കാലിക കോടതി മുറിയായി സജ്ജീകരിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുടെ പശ്ചാത്തലത്തിൽ ഹരിയാന അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിധി അറിഞ്ഞയുടനെ ഹരിയാനയില്‍ രണ്ട് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സിര്‍സയിലാണ് ഗുര്‍മീത് അനുയായികള്‍ വാഹനം കത്തിച്ചത്.
ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ശിക്ഷാ വിധിയോടെ മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നിരുന്നു.
ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽ നിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു.