ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമാ രംഗത്തെ ഗ്ലാമര്‍ താരവും ആക്ഷന്‍ ഹീറോയിനുമായ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതായി റിപ്പോര്‍ട്ട്. വാണി വിശ്വനാഥിനെ ഇറക്കി തെലങ്കാന പിടിക്കാൻ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ടിഡിപി (തെലുങ്ക് ദേശം പാർട്ടി) ചരടുവലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് വാണിയുമായി പലവട്ടം ടിഡിപി നേതാക്കൾ ചർച്ച നടത്തിക്കഴിഞ്ഞതായും വിവരമുണ്ട്.

മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. ആന്ധ്രാപ്രദേശ് മുൻമുഖ്യന്ത്രിയും സൂപ്പർതാരവുമായിരുന്ന എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. താന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വാണി മുൻപ് വ്യക്തമാക്കിയിരുന്നു.

റോജയോട് വ്യക്തിപരമായി തനിക്ക് വിരോധമൊന്നും ഇല്ലെന്ന് വാണി പറഞ്ഞിരുന്നു. ‘റോജ നല്ലൊരു നടിയാണ്. ഞാന്‍ അവര്‍ക്ക് എതിരായി മത്സരിച്ചാല്‍ അതിന് വിരോധത്തിന്റെ മുഖം നല്‍കേണ്ട കാര്യമില്ല. വ്യക്തിപരമായി യാതൊരു വിദ്വേഷവും ഞങ്ങള്‍ തമ്മില്‍ ഇല്ല. അതൊരു രാഷ്ട്രീയവൈര്യം മാത്രമായിരിക്കും,’ വാണി പറഞ്ഞു. വാണി വിശ്വനാഥിന്റെ ചെറുപ്പത്തില്‍ തന്നെ ജ്യോതിഷിയായ പിതാവ് മകളുടെ രാഷ്ട്രീയ പ്രവേശം പ്രവചിച്ചിരുന്നു.

1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. ഇതോടെ ആന്ധ്രക്കാര്‍ക്ക് പരിചിതയായി മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook