ലണ്ടൻ: വടക്കൻ ലണ്ടനിൽ പളളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറി. ഒരാൾ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫിൻസ്​ബറി പാർക്ക്​ പള്ളിയിൽ റമസാന്റെ ഭാഗമായി പ്രാർഥന കഴിഞ്ഞ്​ ഇറങ്ങിയവരാണ്​ അപകടത്തിൽ പെട്ടത്​. ഗുരുതരമായ സംഭവമാണ് നടന്നതെന്ന് പറഞ്ഞ ബ്രിട്ടീഷ് പൊലീസ് ഇത് ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനാലയ്ക്ക് അടുത്തുനിന്നപ്പോള്‍ നിരവധി പേരുടെ കരച്ചിലും വാഹനം ഇടിക്കുന്നതിനിടെ ശബ്ദവും കേട്ടതായി സമീപത്തുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. തുടര്‍ന്ന് നോക്കിയപ്പോള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയ ഒരു വെളള നിറമുളള വാന്‍ കണ്ടെന്നും ആക്രമിയെ കാണാന്‍ സാധിച്ചില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.

മുസ്​ലിംങ്ങളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണമാണെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്​ലിം കൗൺസിലിൽ മേധാവി ഹാരുൺ ഖാൻ പറഞ്ഞു. എന്നാല് പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. നടന്നത് തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രസ്താവനയില്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ