ശ്രീനഗർ: ”ഇത് വിളവെടുപ്പിന്റെ കാലമാണ്, ഈ സമയത്ത് മരണത്തെക്കുറിച്ച് ആരും ചിന്തിക്കില്ല,” ജമ്മു കശ്മീരിൽ അബദ്ധത്തിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച ആസിഫ് അയൂബിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ബന്ധു റാഹിൽ ഷാ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു. കുടുംബത്തിനും ബന്ധുക്കൾക്കും ഇരുപത്തിമൂന്നുകാരനായ ആസിഫിന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
”എല്ലാ കസിൻമാരിലും, യൂണിഫോമിനെ ഏറ്റവും ഭയപ്പെട്ടത് അവനായിരുന്നു. ഞങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ, ഒരു വാഹനവ്യൂഹം കടന്നുപോകുകയാണെങ്കിൽ, ഞങ്ങളെ അരികിൽ നിർത്തി അവരെ ആദ്യം പോകാൻ അനുവദിക്കും. അവന് എന്നും ബഹുമാനമായിരുന്നു. അവരോട് തർക്കിക്കാറില്ല. പൊലീസോ സൈന്യമോ തിരിച്ചറിയൽ കാർഡ് കാണിക്കാൻ പറഞ്ഞാൽ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ കാണിക്കും,” റാഹിൽ പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.25 ന് വീടിന് ഏതാനും കിലോമീറ്റർ അകലെ വച്ചാണ് രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിയായ ആസിഫ് കൊല്ലപ്പെടുന്നത്. അയൽ ജില്ലയായ പുൽവാമയിലേക്കുള്ള റോഡിലെ ചെക്ക്പോസ്റ്റിൽ അബദ്ധത്തിൽ പൊലീസിന്റെ വെടിയേറ്റാണ് ആസിഫ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
ആസിഫിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഏകദേശം 30 മീറ്റർ ദൂരത്തിൽ നിന്നാണ് ആസിഫിന് വെടിയേറ്റതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയുതിർത്ത കോൺസ്റ്റബിൾ മുഖ്താർ അഹമ്മദ് ദാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

തന്റെ മകൻ ശാന്തമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് ആസിഫിന്റെ പിതാവ് മുഹമ്മദ് അയൂബ് പദ്രൂ പറഞ്ഞു. അവന്റെ അമ്മായിയുടെ തോട്ടത്തിൽ ആപ്പിൾ വിളവെടുപ്പ് നടക്കുന്നുണ്ട്. അവരെ സഹായിക്കാൻ പോകുകയായിരുന്നു മകനെന്ന് പിതാവ് വ്യക്തമാക്കി. ”ആസിഫും കസിനും ബൈക്കിൽ പോവുകയായിരുന്നു. ചെക്പോയിന്റിൽ എത്തിയപ്പോൾ അവരെ തടയുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് വഴിയരികിലേക്ക് മാറ്റി നിർത്തുന്നതിനിടെ ആസിഫിന്റെ തലയ്ക്കു പുറകിൽ വെടിയേൽക്കുകയായിരുന്നു,” കുടുംബം പറഞ്ഞു.
ആസിഫിന്റെ മരണം അബദ്ധത്തിൽ പൊലീസിന്റെ വെടിയേറ്റതിനെ തുടർന്നാണെന്ന് കുടുംബം വിശ്വസിക്കുന്നില്ല. ”അങ്ങനെയെങ്കിൽ ആസിഫിന്റെ തലയിൽ എങ്ങനെ വെടിയേൽക്കും. എന്തുകൊണ്ട് റോഡിൽ കൊണ്ടില്ല?. എന്തുകൊണ്ട് ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് കൊണ്ടില്ല. അങ്ങനെയെങ്കിൽ അവന്റെ ജീവൻ ഞങ്ങൾക്ക് രക്ഷിക്കാമായിരുന്നു,” പദ്രൂ പറഞ്ഞു.
എങ്കിലും, പൊലീസിന്റെ വേഗത്തിലുള്ള നടപടിയിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. “ഉത്തരവാദിയായ ആളെ അവർ പിടികൂടിയിരിക്കുന്നു. അയാൾ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നുവെന്നും ബുള്ളറ്റ് ആസിഫിന്റെ തലയിൽ നേരിട്ട് പതിക്കുകയായിരുന്നുവെന്നും അവർ പറയുന്നു. ഞങ്ങൾക്ക് അവന്റെ ശരീരം എങ്കിലും അവർ തന്നു,” പദ്രൂ പറഞ്ഞു.
തെക്കൻ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ തങ്ങളുടെ ബന്ധുക്കൾ താമസിക്കുന്നതായും ആസിഫും കസിൻസും നിരവധി തവണ ആ ചെക്പോയിന്റ് കടന്ന് പോയിട്ടുള്ളതായും റാഹിൽ പറഞ്ഞു. ചിലപ്പോൾ വാഹനങ്ങൾ തടയും, ചിലപ്പോൾ തടയാറില്ലെന്നും പറഞ്ഞു.
ആസിഫ് കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച, വാഹനങ്ങൾ പതിവുപോലെ ചെക്പോയിന്റ് കടന്നുകൊണ്ടിരുന്നു, തിരിച്ചറിയൽ പരിശോധനയ്ക്കായി ആരെയും തടഞ്ഞില്ല.