സൂറത്ത്: 104 വര്‍ഷം പഴക്കമുളള മുതുമുത്തച്ഛന്‍ ട്രെയിനായ വാഗൈ- ബില്ലിമോര ട്രെയിനിന്‍ പാളം തെറ്റി അപകടത്തില്‍ പെട്ടു. ഗുജറാത്തിലെ ദുംഗര്‍ദ ഗ്രാമത്തിലെ കൊടും കാടിനകത്താണ് സാങ്കേതിക തകരാറ് മൂലം ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് ട്രെയിന്‍ പാളം തെറ്റിയത്. അഞ്ച് കോച്ചുകളുളള ട്രെയിനില്‍ ഭൂരിഭാഗവും ആദിവാസികളായിരുന്നു യാത്രക്കാര്‍. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ബില്ലിമോരയില്‍ നിന്നും വാഗൈയിലേക്ക് മണിക്കൂറില്‍ 20 കി.മി. മാത്രം വേഗതയില്‍ ആയത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ട്രെയിനിന്റെ എഞ്ചിന്‍ തെന്നി മാറി പുറത്തായെങ്കിലും അഞ്ച് കോച്ചുകളും പാളത്തില്‍ നിന്നും പുറത്ത് പോയില്ല. കൃത്യസമയത്ത് തന്നെ ഡ്രൈവര്‍ ബ്രേക്കിട്ടത് വന്‍ അപകടമാണ് ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

ബില്ലിമോര റെയില്‍വെ അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. കാടിനകത്ത് അപകടം നടന്നത് കൊണ്ട് തന്നെ സ്ഥലത്തേക്ക് ക്രെയിന്‍ കൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് തൊഴിലാളികള്‍ മരത്തടിയും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചാണ് എഞ്ചിന്‍ പാളത്തിലേക്ക് ഉയര്‍ത്തി വെച്ചത്. തുടര്‍ന്ന് റെയില്‍വെ എഞ്ചിനീയര്‍ പച്ചക്കൊടി കാണിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു. അപകടം ഉണ്ടാവാനിടയായ കാരണം റെയില്‍വെ പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ