വഡോദര: ഗുജറാത്തില്‍ ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് സ്കൂളിലെ തന്നെ പത്താം ക്ലാസുകാരനാണെന്ന് പൊലീസ്. വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് വെളളിയാഴ്‌ച കൊലപാതകം നടന്നത്. അധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളിനോട് പകരം വീട്ടാനാണ് കൊലപാതകം നടത്തിയതെന്ന് 10-ാം ക്ലാസുകാരന്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകം നടന്നാല്‍ സ്‌കൂള്‍ പൂട്ടിയിടുമെന്ന നിഗമനത്തിലാണ് കൃത്യം നടത്തിയത്.

14 വയസുകാരന്റെ മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്. ദേഹമാസകലം കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. സമീപത്ത് നിന്നും 12 ഇഞ്ച് നീളമുളള കത്തിയും കണ്ടെടുത്തു. സമീപത്തെ ക്ഷേത്രത്തിന്റെ കെട്ടിടത്തിന് മുകളില്‍ നിന്നും പ്രതിയായ കുട്ടിയുടെ ബാഗും, വാക്കത്തി, ചോര പുരണ്ട വസ്ത്രം, മുളകുപൊടി എന്നിവ കണ്ടെത്തി. സ്‌കൂളിലെ ഏതെങ്കിലും ക്ലാസ് മുറിയുടെ മുകളില്‍ നിന്നും ക്ഷേത്ര കെട്ടിടത്തിന് മുകളിലേക്ക് ബാഗ് എറിഞ്ഞതാവാം എന്നാണ് പൊലീസ് നിഗമനം.

10 ദിവസം മുമ്പ് മാത്രം സ്കൂളില്‍ ചേരാനെത്തിയ ഒമ്പതാം ക്ലാസുകാരനോട് പ്രതിക്ക് യാതൊരു മുന്‍വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അച്ചടക്കമില്ലായ്‌മ കാരണം സ്‌കൂളില്‍ അധ്യാപകര്‍ പല തവണ പത്താം ക്ലാസുകാരനെ വഴക്കു പറഞ്ഞിട്ടുണ്ട്. ‘കുട്ടിക്ക് സ്‌കൂള്‍ അടപ്പിച്ച് അധ്യാപകരോട് പകരം വീട്ടണമായിരുന്നു.

വെളളിയാഴ്‌ച മാത്രമാണ് കൊല്ലപ്പെട്ട കുട്ടിയെ പ്രതി കാണുന്നത്. അന്ന് കൊലപാതകം നടത്തി. ഏത് കുട്ടി വേണമെങ്കിലും ഇരയാകാമായിരുന്നു’, വഡോദര പൊലീസ് കമ്മീഷണര്‍ മനോജ് ശശിധര്‍ പറഞ്ഞു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമാനമായ കൊലപാതകം നടന്നിരുന്നു. അന്ന് പതിനൊന്നാം ക്ലാസുകാരന്‍ രണ്ടാം ക്ലാസുകാരനെയാണ് കൊലപ്പെടുത്തിയത്. പരീക്ഷയും രക്ഷിതാക്കളുടെ യോഗവം മാറ്റി വയ്‌ക്കാന്‍ വേണ്ടിയായിരുന്നു അന്ന് കൊലപാതകം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ