വഡോദര: വഡോദരയിലെ മഹാരാജ സായാജിറാവു സര്‍വകലാശാലയുടെ ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്സില്‍ വാര്‍ഷിക പ്രദര്‍ശനത്തിലെ കലാസൃഷ്ടികളെ ചൊല്ലി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. പ്രദർശനത്തിനായി തുറന്നിട്ടില്ലാത്ത ഹാളിലേക്ക് ഇരച്ചുകയറിയ പ്രതിഷേധകർ, ഡീൻ ഡോ.ജയറാം പൊതുവാളിനെ വളഞ്ഞു
വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളാണ് എതിര്‍പ്പുമായെത്തിയത്. ഉച്ചയോടെയാണു സംഭവം. കലാസൃഷ്ടികള്‍ അരോചകവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നു പ്രതിഷേധമുയര്‍ത്തിയ സംഘടനകള്‍ ആരോപിച്ചു. 2007-ല്‍ ഒരു ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി ഉള്‍പ്പെട്ട സമാനമായ സംഭവം നടന്നപ്പോള്‍ പാസാക്കിയ ‘പ്രമേയം’ ലംഘിച്ചതിനു ഡീന്‍ ഉത്തരവാദിയാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.
രണ്ട് കലാസൃഷ്ടികള്ക്കെതിരായാണു പ്രതിഷേധകരുടെ എതിര്‍പ്പ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പത്രവാര്‍ത്തകളും ദേവീദേവന്മാരുടെ കട്ടൗട്ടുകളും അടങ്ങിയ കലാപരമ്പരയാണ് ഒന്ന്. മറ്റൊന്ന് അശോകസ്തംഭമുള്ള ഫൊട്ടോ കൊളാഷ്. ഇത് അശ്ലീലമായ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പ്രതിഷേധകരുടെ ആരോപണം.
അതേസമയം, ഫ്രെയിമുകള്‍ എക്സിബിഷന്റെ ഭാഗമല്ലെന്നു ഡീന്‍ ഡോ.ജയറാം പൊതുവാൾ പറഞ്ഞു. ”ഈ ഫ്രെയിമുകള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവ ഞങ്ങളുടെ മൂല്യനിര്‍ണയ സമര്‍പ്പണത്തിന്റെ ഭാഗമല്ല. അവ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഈ പ്രതിഷേധം ഫാക്കല്റ്റിക്കെതിരായ ഗൂഢാലോചനയാണ്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 2017 ജൂലൈയിലെ റാലിയുമായി ബന്ധപ്പെട്ട കേസ്; ജിഗ്നേഷ് മേവാനി അടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി
അതേസമയം, വിഷയത്തില്‍ ഫാക്കല്‍റ്റി നടപടി സ്വീകരിക്കണമെന്നും ഫ്രെയിമുകള്‍ വിദ്യാര്ത്ഥികളുടേതല്ലെന്ന് തെളിയിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റിയിലെ ജീവനക്കാര്‍ പ്രദര്‍ശനത്തെ ന്യായീകരിച്ചു.
പ്രതിഷേധക്കാര്‍ ചില ഓഫീസ് ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് സ്ഥലത്തെത്തിയതോടെ, പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ഫാക്കല്‍റ്റി വിദ്യാര്‍ത്ഥികളെ ‘വിഘടനവാദികള്‍’ എന്ന് വിളിക്കുകയും ചെയ്തു. ‘സംസ്കാരത്തെയും മതത്തെയും അനാദരിക്കുന്നതിന്റെ’ അനന്തരഫലങ്ങളെക്കുറിച്ച് അവര്‍ മുന്നറിയിപ്പ് നല്കി. ഫാക്കല്‍റ്റിയിലെ ക്രമസമാധാനപാലനത്തിനായി ണ്ട് യൂണിറ്റ് പൊലീസിനെ വിന്യസിച്ചു. സംഭവം സംബന്ധിച്ച പ്രതികരണത്തിനായി എംഎസ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കൃഷ്ണകുമാര്‍ ചുദാസ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
”ഞാന്‍ അവിടെ പോയത് എംഎസ് യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായിട്ടാണ്… ഏതെങ്കിലും മതത്തെ അനാദരിക്കുന്നതിന് ഞങ്ങള്‍ എതിരാണ്. മതത്തിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ഈ അധ്യാപകര്‍ അവസാനിപ്പിക്കണം. അവര്‍ക്ക് ശരിക്കും കഴിവും കലാപരമായ മനസുമുണ്ടെങ്കില്‍, സര്‍വകലാശാലയുടെ പ്രതിച്ഛായയെ വീണ്ടും വീണ്ടും കളങ്കപ്പെടുത്തുന്നതിന് പകരം താല്‍പ്പര്യമുണര്‍ത്തുന്ന എന്തെങ്കിലും കൊണ്ടുവരണം…ഏതെങ്കിലും മതത്തിനെതിരായ കലാസൃഷ്ടികളെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ”ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവായ അഭിഭാഷകന് നീരജ് ജെയിന് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ആക്ഷേപകരമായ കലാസൃഷ്ടികളെന്ന് ആരോപിച്ച് 2007-ല്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി ചന്ദ്രമോഹനെതിരെ റജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരനായിരുന്നു ജെയിന്.
2006-ല്‍ ലളിതകലാ അക്കാദമി നാഷണല്‍ എക്സിബിഷന് അവാര്‍ഡ് നേടിയ ചന്ദ്രമോഹന്റെ രണ്ട് കലാസൃഷ്ടികള്ക്കെതിരെയായിരുന്നു 2007ല്‍ പ്രതിഷേധം. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂല്യനിര്‍ണയവും വിഷ്വല്‍ ആര്‍ട്സിലെ ബിരുദാനന്തര ബിരുദവും തടഞ്ഞുവച്ചിരിക്കുകയാണ്. രണ്ട് കലാസൃഷ്ടികളുടെ പേരില്‍ ‘മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ഇന്ത്യന്‍ പീനല്‍ കോഡിലെ 153 എ വകുപ്പ് പ്രകാരം ചന്ദ്രമോഹന് ക്രിമിനല്‍ കേസ് നേരിടുന്നുണ്ട്. വൈസ് ചാന്‍സലറുടെ ഓഫീസിന് തീയിട്ടുവെന്ന കേസില്‍ 2018 ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിനു പിന്നീട് ജാമ്യം ലഭിച്ചിരുന്നു.