/indian-express-malayalam/media/media_files/uploads/2021/06/Thane-vaccine2-1.jpg)
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ രണ്ട് ദിവസത്തിനകം പുറത്തിറക്കാന്‍ സാധ്യത. നിലവില്‍ കേന്ദ്രം വാക്സിന്‍ വിതരണം നടത്തുന്നത് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും കുത്തിവയ്പിലെ സുതാര്യതയും അനുസരിച്ചാണ്. ഇത് തുടരും. 18-44 വിഭാഗങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കായിരിക്കും.
പ്രധാനപ്പെട്ട മാറ്റങ്ങള്‍ ഇവയൊക്കെ
- വിദൂര പ്രദേശങ്ങളിലെ ചെറിയ സ്വകാര്യ ആശുപത്രികളിലേക്ക് വാക്സിൻ വിതരണം നടത്താനുള്ള തീരുമാനം ഉണ്ടായേക്കും. ഇത്തരം മേഖലകളിലെ വാക്സിനേഷനിലെ അപാകതകള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ പ്രതിസന്ധി നേരിട്ടതോടെ ഒഴിവാക്കുകയായിരുന്നു.
- സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഇ-വൗച്ചര്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പെടുക്കുന്ന പാവപ്പെട്ട വിഭാഗത്തിനായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
- എത്ര ഡോസ് വാക്സിന്‍ ഒരു മാസം ലഭ്യമാക്കുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കും. ഇത് മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് കുത്തിവയ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സഹായിക്കും. ജില്ലാതലങ്ങളിലും വാക്സിനേഷനില്‍ വ്യക്തത വരാനാണിത്. വിവിധ തിയതികളിൽ ഡോസുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും കേന്ദ്രം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
- 18-44 വയസിനിടയിലുള്ളവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണ്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഉണ്ടായിരിക്കും.
- കേസുകളുടെ എണ്ണം, വാക്സിനേഷന്‍ പ്രക്രിയുടെ മികവ്, വാക്സിന്‍ പാഴാക്കുന്നത് എന്നിവ അനുസരിച്ചായിരുന്നു കേന്ദ്രം വാക്സിന്‍ വിതരണം നടത്തിയിരുന്നത്. ഈ മാനദണ്ഡങ്ങള്‍ ഇനിയും തുടരും. "വാക്സിന്‍ വിതരണത്തിലെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പോസിറ്റീവായ കാര്യങ്ങളും ഒരു നെഗറ്റീവ് ഘടകവും ഉണ്ടായിരിക്കും, അത് വാക്സിന്‍ പാഴാക്കുന്നത് സംബന്ധിച്ചാണ്," ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Also Read: എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രി
ജൂണില്‍ വാക്സിന്‍ ലഭിക്കുന്നതിനായി പണം നല്‍കിയിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കരാര്‍ അനുസരിച്ച് ഡോസുകള്‍ ലഭിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നും ഭാരത് ബോയോടെക്കില്‍നിന്നും ഒരു ഡോസിന് 150 രൂപ നിരക്കിലായിരിക്കും കേന്ദ്രം വാക്സിന്‍ വാങ്ങുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.