ന്യൂഡൽഹി: വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിച്ച് വാക്സിൻ നൽകുന്നതിനോ ഏതെങ്കിലും ആവശ്യത്തിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയോ ചെയ്യുന്ന ഒരു മാർഗനിർദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജനുവരി 13ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരു വ്യക്തിയെയും അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വാക്സിനെടുക്കാൻ നിർബന്ധിക്കാനാവില്ല, ഏതെങ്കിലും ആവശ്യത്തിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ഒരു മാർഗനിർദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല,” സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
“നിലവിലെ കോവിഡ് സാഹചര്യത്തിൽ വലിയ രീതിയിലുള്ള പൊതുതാത്പര്യം കണക്കിലെടുത്താണ് വാക്സിൻ നൽകുന്നത്. എല്ലാ പൗരന്മാരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് വിവിധ പത്ര – മാധ്യമ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം ചെയ്യുകയും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സുഗമമാക്കുന്നതിന് പ്രക്രിയകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എന്നാൽ, അതിനുപുറമെ ആരെയും വാക്സിനേഷൻ സ്വീകരിക്കാൻ നിർബന്ധിക്കാനാവില്ല.” കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Also Read: Covid-19: കോവിഡ് വാക്സിനേഷൻ ഒരുവർഷം പിന്നിടുമ്പോൾ ആകെ നൽകിയത് 156.76 കോടി ഡോസ്
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വാക്സിനേഷൻ സംബന്ധിച്ച് ‘ഏലൂരു’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് നിർദേശങ്ങൾ ലഭിച്ചതായും അവ പരിഗണിച്ചതായും സർക്കാർ അറിയിച്ചു.