ന്യൂഡല്‍ഹി: 12-14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മാസം വാക്സിന് നല്‍കിയേക്കുമെന്ന് കോവിഡിന്റെ ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ (എന്‍ടിഎജിഐ) ചെയർമാൻ ഡോ. എൻ. കെ. അറോറ പറഞ്ഞു. മാര്‍ച്ച് മാസത്തോടെ 15-18 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ പൂര്‍ത്തിയായേക്കുമെന്ന് കണക്കുകൂട്ടലാണ് അധികൃതര്‍ക്കുള്ളത്.
7.4 കോടി കുട്ടികളാണ് 15-18 വയസ് വരെ പ്രായമുള്ളവരുടെ വിഭാഗത്തിലുള്ളത്. ഇതില്‍ 3.45 കോടി പേര് കോവാക്സിന്റെ ആദ്യ ഡോസ് ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്.
“വളരെ വേഗത്തിലാണ് കുട്ടികളുടെ വാക്സിനേഷന് നടപടികള്‍ പുരോഗമിക്കുന്നത്. ഇത് സ്ഥിരതയോടെ മുന്നോട്ട് പോയാല്‍ ജനുവരി അവസാനം തന്നെ ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കാം, രണ്ടാം ഡോസ് ഫെബ്രുവരി അവസാനത്തോടെയും,” ഡോ. അറോറ വിശദമാക്കി.
15-18 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പൂര്‍ത്തിയായാല്‍ 12-14 വയസ് വരെയുള്ളവരുടെ വാക്സിന് വിതരണത്തിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത വിഭാഗത്തില്‍ ഏകദേശം 7.5 കോടി പേരുണ്ടെന്നാണ് നിഗമനം.
2021 ജനുവരിയിലായിരുന്നു രാജ്യത്ത് വാക്സിന് വിതരണ നടപടികള്‍ക്ക് തുടക്കമായിരുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്. പിന്നീട് ഫെബ്രുവരിയില്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും കത്തിവയ്പ്പ് നല്കി.
മാര്‍ച്ച് ഒന്നിനായിരുന്നു അടുത്ത ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 60 വയസിനു മുകളിലുള്ളവര്‍ക്കായിരുന്നു ആദ്യം വിതരണം. പിന്നീട് 45 വയസിനു മുകളിലുള്ളവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മേയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം ആരംഭിച്ചത്.
ഏറ്റവും ഒടുവിലായി കരുതല്‍ ഡോസ് വിതരണവും ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് മുന്നണി പോരാളികള്‍, 60 വയസിന് മുകളില്‍ ഉള്ള ഹൈ റിസ്ക് വിഭാഗക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്.
Also Read: ആരില്‍ നിന്നും കോവിഡ് പകരാം; 10 ദിവസം കോണ്ട് കേസുകള്‍ നാലിരട്ടിയിലധികമായി: ആരോഗ്യമന്ത്രി