ന്യൂഡൽഹി: കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം ഡൽഹിയിൽ വാക്സിൻ നൽകിയ ആരോഗ്യ പ്രവർത്തകരിൽ 51 പേർക്ക് നേരിയതും ഒരാൾക്ക് കഠിനവുമായ ആരോഗ്യ പ്രശ്നങ്ങൾ. കഠിനമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽയിലെ 11 ജില്ലകളിൽ ആദ്യ ദിവസം തന്നെ 81 കേന്ദ്രങ്ങളിലായി 4,319 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യദിനം വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 8117 പേര്‍ക്ക് കുത്തിവെപ്പെടുക്കാനായിരുന്നു ഡല്‍ഹി ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. വാക്‌സിൻ നൽകിയ ചിലരിൽ ചെറിയ പാർശ്വഫലങ്ങൾ കണ്ടതായി അധികൃതർ അറിയിച്ചു.

“വാക്‌സിൻ നൽകിയ ചിലരിൽ ചെറിയ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മിക്കതും നിസ്സാരവും നിരീക്ഷണ കാലയളവിൽ ഭേദമാകുന്നവയുമാണ്. ദക്ഷിണ ഡൽഹിയിൽ ഒരു ഗുരുതരമായ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്,” ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More: പ്രായമായവർക്ക് കോവിഡ് വാക്സിൻ; മുന്നറിയിപ്പുമായി നോർവേ

വാക്സിൻ സ്വീകരിച്ചവരിൽ ഭൂരിഭാഗം പേരിലും തലകറക്കം, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉള്ളതായി ജില്ല അധികൃതർ വ്യക്തമാക്കി. അവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്താൻ ഏതാനും ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ പറഞ്ഞു.

വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

വൈകുന്നേരം നാല് മണിക്ക് ശേഷം വാക്സിൻ സ്വീകരിച്ച ഇദ്ദേഹത്തിന് 15-20 മിനിറ്റിനുള്ളിൽ ഹൃദയമിടിപ്പ് കൂടുകയും അലർജിയെ തുടർന്ന് ശരീരത്തിൽ ചെറിയ പാടുകൾ വരികയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

ഡല്‍ഹിയില്‍ വാക്‌സിന്‍ സ്വീകരിച്ച് പ്രതികൂല പാര്‍ശ്വഫലമുണ്ടായ ഒരാളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നതെന്നും മറ്റുള്ള 51 കേസുകളില്‍ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook