ന്യൂഡൽഹി: കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്ത 2,24,301 പേരിൽ 447 പേര്‍ക്ക് നേരിയ പാർശ്വഫലങ്ങൾ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 447 പേരിൽ മൂന്ന് പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി മനോഹർ അഗ്നാനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

“ഇന്ന് ഞായറാഴ്ച ആയതിനാൽ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് വാക്സിനേഷൻ ഡ്രൈവ് നടത്തിയത്, 553 സെഷനുകളിൽ ആകെ 17,072 ഗുണഭോക്താക്കൾക്ക് വാക്സിനേഷൻ നൽകി,” അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, കർണാടക, കേരളം, മണിപ്പൂർ, തമിഴ്‌നാട് എന്നിവിടങ്ങളിളാണ് ഇന്ന് കുത്തിവയ്പ്പ് നടന്നത്.

Read More: രാജ്യത്ത് ആദ്യ ദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 1.91 ലക്ഷം പേർ

ജനുവരി 16, 17 തീയതികളിൽ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് 447 പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ മൂന്ന് പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത്. പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ എയിംസിലും, നോര്‍ത്തേണ്‍ റെയില്‍വേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ എയിംസില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും മനോഹര്‍ അഗ്നാനി വ്യക്തമാക്കി.

ആഴ്ചയില്‍ നാല് ദിവസം പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ തിയതി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആഴ്ചയില്‍ ആറ് ദിവസം വാക്‌സിനേഷന്‍ നടത്താന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി തേടിയതായും മനോഹര്‍ അഗ്നാനി പറഞ്ഞു.

രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ 1,91,181 പേർക്കാണ് വാക്സിൻ നൽകിയത്. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook