ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ രാജ്യത്ത് ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രയും വേഗം കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തെരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു മോദിയുടെ വാക്കുകള്‍.
“മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രതിസന്ധി നന്നായി കൈകാര്യം ചെയ്തിട്ടും, കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കാണാന്‍ സാധിക്കുന്നു. ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്,” പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ തുടങ്ങിയവർ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തില്‍ പങ്കെടുത്തു.
“കോവിഡിന്റെ വെല്ലുവിളി അവസാനിച്ചിട്ടില്ല. പ്രായപൂര്‍ത്തിയായ 96 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്കാന് സാധിച്ചത് അഭിമാനിക്കാവുന്ന ഒന്നാണ്,” മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയേപ്പറ്റിയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. യുക്രൈനിലെ യുദ്ധം വിതരണ ശൃംഖലയെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 2,483 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. സജീവ രോഗികളുടെ എണ്ണം 16,279 ആണ്. 32 മരണങ്ങളാണ് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണസംഖ്യ 5,23,654 ആയി.
അതിനിടെ, രാജ്യത്ത് മൂന്ന് കോവിഡ് -19 വാക്സിനുകൾക്ക് കൂടി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) റെഗുലേറ്ററി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അറ് മുതൽ12 വരെ വയസ് പ്രായമുള്ളവർക്കും ബയോളജിക്കൽ ഇയുടെ കോർബെവാക്സിൻ അഞ്ച് മുതൽ 12 വരെ വയസ് പ്രായമുള്ളവർക്കും അടിയന്തര ഉപയോഗ അനുമതി (ഇയുഎ) അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
Also Read: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; 2,927 പുതിയ രോഗികള്‍