ന്യൂഡല്‍ഹി: ഉന്നത കോടതികളിലെ ഒഴിവുകളും നിയമനങ്ങളുമായും ബന്ധപ്പെട്ട പ്രശ്‌നം അതിനായി പുതിയ സംവിധാനം സൃഷ്ടിക്കുന്നതു വരെ നീണ്ടുനില്‍ക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രത്തിന്റെ അധികാരം പരിമിതമാണെന്നും അദ്ദേഹം രാജ്യസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
സുപ്രീം കോടതിയില്‍ 34 ജഡ്ജിമാര്‍ വേണ്ടിടത്ത് ഡിസംബര്‍ അഞ്ചുവരെ 27 ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി സഭയെ അറിയിച്ചു. ഹൈക്കോടതികളില്‍ അനുവദിക്കപ്പെട്ട ആകെ ജഡ്ജിമാരുടെ എണ്ണം 1,108 ആണെന്നിരിക്കെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 777 പേരാണ്. 331 (30 ശതമാനം) ഒഴിവ് നിലനില്‍ക്കുന്നു.
വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന മൊത്തം കേസുകളുടെ എണ്ണം അഞ്ച് കോടിക്കടുത്താണെന്നും ഇതു പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്ന അന്തരഫലം പ്രകടമാണെന്നും ചോദ്യോത്തര വേളയില്‍ ഉപചോദ്യങ്ങള്‍ള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു. കേസുകള്‍ കെട്ടിക്കിടക്കുന്നതു കുറയ്ക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
”കേസുകള്‍ കെട്ടിക്കിടക്കുന്നതു കുറയ്ക്കാന്‍ ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ നിയമനങ്ങള്‍ക്കായി പുതിയ സംവിധാനം ഉണ്ടാക്കുന്നതുവരെ ജഡ്ജിമാരുടെ ഒഴിവുകളെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍, ഒഴിവുകള്‍ (കോടതികളിലെ) നികത്താന്‍ സര്‍ക്കാരിനു പരിമിതമായ അധികാരമേയുള്ളൂവെന്നു പറഞ്ഞ മന്ത്രി, കൊളീജിയം ശുപാര്‍ശ ചെയ്യുന്നതല്ലാത്ത പേരുകള്‍ തേടാന്‍ കേന്ദ്രത്തിനു കഴിയുന്നില്ലെന്നും പറഞ്ഞു. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് എത്രയും വേഗം പേരുകള്‍ അയയ്ക്കാന്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരോട് വാക്കാലും രേഖാമൂലവും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റിജിജു സഭയെ അറിയിച്ചു.
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ ജെ എ സി) നിയമം സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമോയെന്ന ചോദ്യത്തിന്, ഈ നിയമം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതു ശരിയായില്ലെന്നാണു വിരമിച്ച ജഡ്ജിമാരും പ്രമുഖ നിയമജ്ഞരും അഭിഭാഷകരും രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അഭിപ്രായപ്പെട്ടതെന്നു മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയിയിലും ഹൈക്കോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം കൂടുതല്‍ വിശാലവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനും സംവിധാനത്തില്‍ വസ്തുനിഷ്ഠത കൊണ്ടുവരുന്നതിനുമെന്ന് അവകാശപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍ 2015 ഏപ്രില്‍ 13നാണു ഭരണഘടന (തൊണ്ണൂറ്റി ഒമ്പതാം ഭേദഗതി) നിയമം 2014, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമം 2014 എന്നിവ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, ഇരു നിയമങ്ങളും ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് 2015 ഒക്ടോബര്‍ 16 ലെ വിധിന്യായത്തില്‍െ സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയും കേന്ദ്രവും തമ്മിലുള്ള തര്‍ക്കത്തിനിടെയാണു റിജിജുവിന്റെ പ്രതികരണമെന്നതു ശ്രദ്ധേയമാണ്. കൊളീജിയത്തിന്റെ ശിപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കാത്തതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാര്‍ ഫയലുകളില്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് ഒരിക്കലും പറയരുതെന്നും അങ്ങനെയെങ്കില്‍ ഇനി ഫയലുകള്‍ സര്‍ക്കാരിലേക്ക് അയയ്ക്കാതെ നിങ്ങള്‍ സ്വയം നിയമനം നടത്തുകയെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍കറും വിഷയത്തില്‍ വിമര്‍മശമുന്നയിച്ചിരുന്നു. തുടര്‍ന്നു ഭരണഘടനാ പദവി വഹിക്കുന്നവര്‍ സ്വയം നിയന്ത്രിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഭരണഘടനയ്ക്ക് കീഴിലുള്ള നിയമത്തില്‍ അന്തിമ വിധികര്‍ത്താവ് കോടതിയാണെന്നും അതിനാല്‍ കൊളീജിയം നിര്‍ദേശിക്കുന്ന എല്ലാ പേരുകളും സര്‍ക്കാര്‍ നിയമിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഏറ്റെടുമൊടുവില്‍, സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിന് അഞ്ച് പേരുകള്‍ കൊളീജിയം ചൊവ്വാഴ്ച ശിപാര്‍ശ ചെയ്തു.
സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സമയക്രമം ജുഡീഷ്യറിയും കേന്ദ്രവും പാലിക്കാത്തതു ഖേദകരമാണെന്നു പാര്‍ലമെന്ററി പാനല്‍ ഈ ആഴ്ച ആദ്യം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ജുഡീഷ്യല്‍ നിയമന വിഷയങ്ങളില്‍ രാഷ്ട്രപതിയ്ക്കു മുന്‍പില്‍ സമയപരിധി വയ്ക്കുന്നത് ഉചിതമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. ഹൈക്കോടതികളിലുടനീളമുള്ള വന്‍തോതിലുള്ള കേസുകള്‍ പരിഹരിക്കാന്‍ വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്നതിലും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു.