ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക ആത്മഹത്യ ചെയ്തു. രാധിക റെഡ്ഡി (36) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി മരിച്ചത്.

രാധികയുടെ ബാഗിൽനിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വിഷാദം മൂലമാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് കത്തിൽ പറയുന്നു. ”വിഷാദം മൂലം ഞാൻ എന്നെതന്നെ കൊല്ലുകയാണ്. എന്റെ മരണത്തിനു ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറാണ് എന്റെ ശത്രു” ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയതിനുപിന്നാലെയാണ് രാധിക ആത്മഹത്യ ചെയ്തത്. രാത്രി 10.30 ഓടെയാണ് രാധിക എത്തിയത്. ‘ഞാൻ അവൾ മടങ്ങി വരുന്നതും കാത്ത് അകത്തെ മുറിയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പുറത്ത്നിന്ന് വലിയൊരു ശബ്ദം കേട്ടത്’ രാധികയുടെ അച്ഛൻ പറഞ്ഞു.

ഹൈദരാബാദിലെ മൂസപ്പേട്ടിലെ ശ്രീവില അപ്പാർട്മെന്റിലാണ് രാധിക താമസിച്ചിരുന്നത്. വി6 ചാനലിലെ വാർത്താ അവതാരകയാണ്. 6 മാസം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞു. അതിനുശേഷം മാതാപിതാക്കൾക്ക് ഒപ്പമാണ് രാധിക താമസിച്ചിരുന്നത്. രാധികയ്ക്ക് 14 വയസുളള മകനുണ്ട്. മകന് മാനസിക വൈകല്യമുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ