ലണ്ടൻ: ലോകസാഹിത്യത്തിൽ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ വിഎസ് നയ്പോൾ (85) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001 ൽ സാഹിത്യത്തിനുളള നൊബേൽ സമ്മാനം നേടിയിട്ടുണ്ട്.

ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിൽ 1932 ഓഗസ്റ്റ് 17 നാായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.1951ൽ പ്രസിദ്ധീകരിച്ച ദി മിസ്റ്റിക് മാസെർ ആണ് നൈപോളിന്റെ ആദ്യ പുസ്തകം. 1971ൽ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലൂടെ അദ്ദേഹം ബുക്കർ പ്രൈസ് നേടി. മോഡേണ്‍ ലൈബ്രറിയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളിൽ 83ാം സ്ഥാനം നേടിയ കൃതിയാണിത്. “എ ബെൻഡ് ഇൻ ദ റിവർ”, “എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ്” എന്നിവയാണ് പ്രധാന കൃതികൾ. മുപ്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
1996ലാണ് ആദ്യ ഭാര്യ പാട്രിക ഹേൽ മരിച്ചു. പാക്കിസ്ഥാനിലെ മുൻ മാധ്യമപ്രവർത്തക നാദിറയാണ് രണ്ടാം ഭാര്യ. 1990-ൽ ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി നൈപോളിനെ ‘സർ’ പദവി നൽകി ആദരിച്ചിരുന്നു. മൂന്നാം ലോകരാഷ്ട്രങ്ങളിൽ മനുഷ്യരുടെ ജീവിത പ്രയാസങ്ങളാണ് നൈപോളിന്റെ നോവലുകളിലും യാത്രാവിവരണങ്ങളിലും നിറഞ്ഞുനിന്നത്. ഇതിലൂടെ കടുത്ത സാംസ്കാരിക വിമർശനം നടത്തുകയായിരുന്നു അദ്ദേഹം. അതേസമയം തന്നെ പാശ്ചാത്യ സംസ്കാരത്തിന്റെ പ്രചാരകനായും അദ്ദേഹവും അദ്ദേഹത്തിന്റെ കൃതികളും വിലയിരുത്തപ്പെട്ടു.