ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖനം എഴുതിയതിന് രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടറിയേറ്റ് നോട്ടിസ് നല്‍കി. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന് ചൂണ്ടികാട്ടി ബിജെപി നേതാവ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കറിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസിന് നോട്ടീസ് അയച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കേരളത്തെക്കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഫെബ്രുവരി 20ന് ‘പ്രചരണത്തിന്റെ അപകടങ്ങള്‍’ എന്ന പേരില്‍ ജോണ്‍ ബ്രിട്ടാസ് എഴുതിയ ലേഖനത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് പരാതി നല്‍കിയത്. ബ്രിട്ടാസിന്റെ ലേഖനം ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമാണെന്ന് സുധീര്‍ ആരോപിച്ചു. ‘രാജ്യസഭാംഗത്തിന്റെ രാജ്യദ്രോഹപരമായ പെരുമാറ്റത്തിനെതിരെ ഉചിതമായ നടപടി സ്വീകരിച്ച് കൂടുതല്‍ പ്രകോപനപരവും വിഭജിക്കുന്നതുമായ രാജ്യദ്രോഹവും വര്‍ഗീയ ധ്രുവീകരണവും പ്രസംഗങ്ങളും/ലേഖനങ്ങളും തടയുന്നതിന് ഉചിതമായ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും’ നല്‍കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.
”എന്നെ ചെയര്‍മാനുമായി (ധന്‍കര്‍) ഒരു മീറ്റിംഗിന് വിളിക്കുകയും അദ്ദേഹം എന്റെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. ഇതൊരു സൗഹാര്‍ദ്ദപരമായ ചര്‍ച്ചയായിരുന്നു, എന്റെ നിലപാട് വിശദീകരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു, അദ്ദേഹം അതിനെ അഭിനന്ദിച്ചുവെന്ന് ഞാന്‍ കരുതുന്നു” ജോണ്‍ ബ്രിട്ടാസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
എഴുത്ത് ഉള്‍പ്പെടെ ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ”പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണ്. രാജ്യസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകനായ ചെയര്‍മാന്‍ ഉചിതമായ മറുപടി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് അറിവുള്ള ഞങ്ങളുടെ ചെയര്‍മാന്‍ എന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ജഗദീപ് ധന്‍കറിന്റെ ഓഫീസ് തയാറായില്ല. ”ചെയര്‍മാനും അംഗങ്ങളും തമ്മിലുള്ള യോഗത്തില്‍ സംഭവിച്ചത് പൊതുജനങ്ങള്‍ക്കുള്ളതല്ല,” ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ ലേഖനം സംബന്ധിച്ച് എംപിയോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു.