ന്യൂഡൽഹി: ഇറാഖിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഇറാഖിലേക്ക് പോകും. ഏപ്രിൽ ഒന്നിനാണ് അദ്ദേഹത്തിന്റെ ഇറാഖ് യാത്ര. ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു.

ബാഗ്‌ദാദിലെ മെഡിക്കോ ലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോറൻസിക് സയൻസസ് ഡിപ്പാർട്മെന്റിലെ ഫ്രീസറിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് ഇറാഖ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 38 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ വി.കെ.സിങ് ഇറാഖിൽ എത്തിയാൽ ഉടൻ ഇന്ത്യയിലെത്തിക്കാൻ സാധിക്കും. പക്ഷേ ഒരാളെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതിന് ഒരാഴ്ച വേണ്ടിവരും. മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുളള നിയമ നടപടികൾ പൂർത്തിയായതായും ഇറാഖി ജസ്റ്റിസ് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

2015 ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് ഒരാഴ്ച മുൻപാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചത്. ബദൂഷിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സുഷമ സ്വരാജിനെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ