ബെംഗളൂരു: കഫെ കോഫി ഡേയുടെ സ്ഥാപകനും മുൻ കർണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനുമായ വി.ജി.സിദ്ധാർഥയെ കാണാനില്ല. മംഗളൂരുവിൽ നിന്നുമാണ് കഴിഞ്ഞ രാത്രിയിൽ അദ്ദേഹത്തെ കാണാതാകുന്നത്. ബിസിനസ് കാര്യങ്ങൾക്കായി സകലേഷ്പൂരിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തെ നേത്രാവദി നദിക്ക് കുറുകെയുളള ഉള്ളാൽ പാലത്തിൽ വച്ചാണ് അവസാനമായി കണ്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read: രാഖിയുടെ മൃതദേഹം കുഴിച്ച് മൂടി ഉപ്പ് വിതറിയതിന് പിന്നിലെ രഹസ്യം
പാലത്തിനടുത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും താൻ നടക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്തു. താൻ വരുന്നത് വരെ ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഏറെ വൈകിയും സിദ്ധാർഥ് മടങ്ങിയെത്തിയില്ല. മണിക്കൂറുകൾ പിന്നിട്ടതോടെ ഡ്രൈവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം, ജൂലൈ 27ന് കഫേ കോഫി ഡേ ജീവനക്കാർക്കും ഡയറക്ടർ ബോർഡിനും അയച്ച കത്തിൽ സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്ന് സിദ്ധാർഥ് കുറിച്ചിരുന്നു. “ലാഭകരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നിൽ വിശ്വാസം അർപ്പിച്ചവരെ താഴെയിട്ടതിൽ മാപ്പ്. ഇനിയും സമ്മർദം താങ്ങാൻ സാധിക്കില്ല,” സിദ്ധാർഥ് എഴുതി.
Also Read: ഞെട്ടിക്കുന്ന വഴിത്തിരിവ്: രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ്; മൃതദേഹത്തില്‍ താലിമാല
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ് വി.ജി.സിദ്ധാർഥ്. എസ്.എം.കൃഷ്ണയുടെ മൂത്ത മകൾ മാളവികയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. 2017ൽ സിദ്ധാർഥിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.