/indian-express-malayalam/media/media_files/2026/01/28/vijay-2026-01-28-08-02-38.jpg)
വിജയ്
നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്, തന്റെ പനയൂരിലെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ചെന്നൈയിലെ അതിവേഗം വളരുന്ന ഐടി കേന്ദ്രമായ വേളച്ചേരിയിൽ നിന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് തമിഴക വെട്രി കഴകത്തിലെ (ടിവികെ) മുതിർന്ന നേതാക്കൾ അറിയിച്ചു. ഇതൊരു പ്രതീകാത്മകമായ ഗ്രാമീണ അരങ്ങേറ്റത്തേക്കാൾ, കൃത്യമായി ആസൂത്രണം ചെയ്ത ഒരു നഗര കേന്ദ്രീകൃത ലോഞ്ച് പാഡായാണ് പാർട്ടി കാണുന്നത്.
കഴിഞ്ഞ മാസങ്ങളിൽ വിജയ് മത്സരിക്കുമോ എന്നതിനേക്കാൾ എവിടെ നിന്ന് മത്സരിക്കും എന്നതായിരുന്നു പാർട്ടിക്കുള്ളിലെ പ്രധാന ചർച്ചാവിഷയം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തെക്കുറിച്ച് ആദ്യഘട്ടത്തിൽ ആലോചനകൾ നടന്നിരുന്നു. കൂടാതെ 'V' അക്ഷരത്തിൽ തുടങ്ങുന്ന വിരുധാചലം, വിക്രവാണ്ടി തുടങ്ങിയ മണ്ഡലങ്ങളെക്കുറിച്ചും പഠിച്ചു. വിജയുടേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെയും പേരുകൾക്കൊപ്പം 'V' എന്ന അക്ഷരത്തിൽ തുടങ്ങുന്ന മണ്ഡലങ്ങൾ തിരഞ്ഞെടുക്കുന്നത് ഗുണകരമാകുമെന്ന് ഒരു ജ്യോത്സ്യൻ ഉപദേശിച്ചതായി 2025 ജൂണിൽ 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ ഭക്ഷണം വിളമ്പിയത് പഴയ നോട്ട്ബുക്ക് താളുകളിൽ; പ്രധാനാധ്യാപകന് സസ്പെൻഷൻ
എന്താണ് അനുകൂലമായത്?
പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, വേളച്ചേരി മണ്ഡലം തിരഞ്ഞെടുത്തതോടെ പാർട്ടി അതിന്റെ ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞു. മറ്റേതൊരു മണ്ഡലത്തേക്കാളും വേളച്ചേരി നൽകുന്ന വലിയൊരു പ്രത്യേകതയുണ്ട്: യുവജനങ്ങൾ, കന്നി വോട്ടർമാർ, സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾ, മാൾ ജീവനക്കാർ, ഗിഗ് ഇക്കോണമി (ഡെലിവറി/ക്യാബ്) തൊഴിലാളികൾ, അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന കുടിയേറ്റക്കാർ, തമിഴ് ഇതര നഗരവാസികൾ എന്നിവരുടെ വലിയൊരു സാന്നിധ്യം അവിടെയുണ്ട്. സർവ്വേകൾ പ്രകാരം വിജയ്‌യുടെ ഏറ്റവും വലിയ പിന്തുണക്കാരും ഈ വിഭാഗമാണ്.
"ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ വോട്ടർമാരുള്ള നഗര മണ്ഡലമാണിത്. നിങ്ങൾ യുവാക്കളിലും കന്നി വോട്ടർമാരിലുമാണ് വിശ്വാസമർപ്പിക്കുന്നതെങ്കിൽ, അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്," ഒരു മുതിർന്ന ടിവികെ നേതാവ് പറഞ്ഞു.
ജാതി രാഷ്ട്രീയത്തിന് മുൻതൂക്കമുള്ള ഗ്രാമീണ മേഖലകളിൽ നിന്ന് വിഭിന്നമായി, വെള്ളപ്പൊക്കം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണം തുടങ്ങിയ വിഷയങ്ങളാണ് വേളച്ചേരിയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. സ്ഥിരമായി ഒരു പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുന്ന രീതിയും ഈ മണ്ഡലത്തിനില്ല. 2016-ൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം തീരുമാനിക്കപ്പെട്ടത്. 2021-ൽ ആദ്യമായി മത്സരിച്ച കമൽ ഹാസന്റെ മക്കൾ നീതി മയ്യം സംസ്ഥാന ശരാശരിയേക്കാൾ വളരെ കൂടുതൽ വോട്ടുകൾ ഇവിടെ നേടി. 13.06% വോട്ടുകളോടെ (23,000-ലധികം വോട്ട്) മൂന്നാം സ്ഥാനത്തെത്താനും അവർക്ക് സാധിച്ചു.
നഗരപ്രദേശങ്ങളിലെ അഭ്യസ്തവിദ്യരായ വോട്ടർമാർ പുതിയ രാഷ്ട്രീയ കക്ഷികളെ പരീക്ഷിക്കാൻ തയ്യാറാണെന്നതിന് തെളിവാണ് ആ പ്രകടനം എന്ന് പാർട്ടി നേതാക്കൾ പറയുന്നു. "പരിമിതമായ സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് എംഎൻഎം അത് സാധിച്ചുവെങ്കിൽ, വിജയ് നേരിട്ട് മത്സരിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂ," ടിവികെ സൗത്ത് ചെന്നൈ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പറഞ്ഞു. "എങ്കിലും, തികച്ചും വിരോധാഭാസമായ ഒരു കാര്യമുണ്ട്; പ്രധാനപ്പെട്ട ഒരു ടിവികെ പരിപാടി പോലും ഇതുവരെ വേളച്ചേരിയിൽ നടന്നിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഗോമാംസം കഴിപ്പിച്ചെന്ന ആരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
വിജയ്‌യുടെ സ്ഥാനാർത്ഥിത്വത്തിന് പുറമെ, പാർട്ടിയിലെ പ്രമുഖരായ ചുരുക്കം ചിലർക്കായി മറ്റ് സീറ്റുകൾ നിശ്ചയിക്കാനുള്ള നീക്കങ്ങളും ടിവികെ നിശബ്ദമായി ആരംഭിച്ചിട്ടുണ്ട്. പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, സെങ്കോട്ടയ്യൻ ഗോപിചെട്ടിപാളയത്ത് നിന്നും മത്സരിക്കാൻ സാധ്യതയുണ്ട്. ആദ്യം വിക്രവാണ്ടിയോ കള്ളക്കുറിച്ചിയിലോ മത്സരിക്കാൻ ആലോചിച്ചിരുന്ന ആദവ് അർജുന, ആഭ്യന്തര സർവേയിൽ കള്ളക്കുറിച്ചിക്ക് സാധ്യത കുറവാണെന്ന് കണ്ടതിനെത്തുടർന്ന് ഇപ്പോൾ തിരുവള്ളൂർ മണ്ഡലം ഉറപ്പിച്ചിരിക്കുകയാണ്.
മുൻ ഐടി ഉദ്യോഗസ്ഥനായ അരുൺ രാജ് തിരുച്ചെങ്കോട് നിന്നും മത്സരിച്ചേക്കും. ഉസിലംപട്ടിയിൽ നിന്ന് നിർമ്മൽ കുമാർ, ചെന്നൈയിലെ പ്രമുഖ ബിസിനസ് കുടുംബാംഗമായ മേരി വിൽസൺ കുളച്ചലിൽ നിന്ന്, കാരാക്കുടിയിൽ നിന്ന് ഡോ. ടി.കെ.പ്രഭു, പുതുക്കോട്ടയിൽ നിന്ന് ജില്ലാ സെക്രട്ടറി ഫർവാസ് എന്നിവരെയും പാർട്ടി പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയക്കാർക്ക് പകരം നഗര കേന്ദ്രീകൃതരായ പ്രൊഫഷണലുകൾ, ബിസിനസ് കുടുംബങ്ങൾ, പ്രാദേശിക സംഘാടകർ എന്നിവരുടെ ഒരു മിശ്രിതമാണ് ഈ സ്ഥാനാർത്ഥി പട്ടികയിൽ പ്രതിഫലിക്കുന്നത്.
തമിഴ്നാട് രാഷ്ട്രീയം: വലിയ ചിത്രം
തമിഴ്‌നാട്ടിലെ അടുത്ത തിരഞ്ഞെടുപ്പ് നാല് പ്രധാന ചേരികളിലായാണ് രൂപപ്പെടുന്നത്: ഡിഎംകെ സഖ്യം, എഐഎഡിഎംകെ-ബിജെപി സഖ്യം, ടിവികെ, കൂടാതെ നാം തമിഴർ കക്ഷി. കോൺഗ്രസ് ഡിഎംകെയ്ക്കൊപ്പം തന്നെ തുടരുമെന്ന് ഉറപ്പാണ്. മിക്ക സ്വതന്ത്ര നിരീക്ഷകരുടെയും വിലയിരുത്തൽ പ്രകാരം വിജയ്‌യുന്റെ രാഷ്ട്രീയ പ്രവേശനം എല്ലാ ക്യാമ്പുകളെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2026/01/28/vijay-01-2026-01-28-08-02-49.jpg)
വിജയ് പാർട്ടിയായ ടിവികെ 15 മുതൽ 20 ശതമാനം വരെ വോട്ട് വിഹിതം പിടിച്ചെടുക്കുമെന്നാണ് ഡിഎംകെയിലേയും ടിവികെയിലേയും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിശകലന വിദഗ്ധർ കണക്കാക്കുന്നത്. യുവാക്കൾ, വനിതാ വോട്ടർമാരിലെ ഒരു വിഭാഗം, ക്രിസ്ത്യൻ വിശ്വാസികൾ, കന്നി വോട്ടർമാർ എന്നിവർക്ക് പുറമെ അൻപുമണി രാമദോസിന്റെ പിഎംകെ, തോൽ തിരുമാളവന്റെ വിസികെ എന്നിവരെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന പിന്നാക്ക-ദലിത് വിഭാഗങ്ങളിലെ വലിയൊരു പങ്കും വിജയ്‍ക്കൊപ്പം നിൽക്കാൻ സാധ്യതയുണ്ട്.
Also Read: സെൻസർ തർക്കം തുടരുന്നു; വിജയ് ചിത്രം ജനനായകൻ വീണ്ടും കോടതിയിലേക്ക്
വോട്ട് ചോർച്ചയും വെല്ലുവിളികളും
തങ്ങളുടെ വോട്ടുകളുടെ 25 ശതമാനം വരെ ടിവികെയിലേക്ക് പോകുമെന്ന് എൻടികെ നിരീക്ഷകർ ഭയപ്പെടുന്നു. "വിജയ് ജയിക്കും. അദ്ദേഹം സീറ്റുകൾ ജയിക്കണമെന്നില്ല, പക്ഷേ വോട്ട് ഭിന്നിപ്പിക്കുന്നത് തന്നെ തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കും," എന്നാണ് ഒരു മുതിർന്ന ഡിഎംകെ നേതാവ് പ്രതികരിച്ചത്. അടുത്ത കാലം വരെ എഐഎഡിഎംകെയെ നേരിട്ട് വിമർശിക്കുന്നത് വിജയ് ഒഴിവാക്കിയിരുന്നു. എന്നാൽ ഈ ആഴ്ച അദ്ദേഹം അവർക്കെതിരെയും ആഞ്ഞടിച്ചു. ഇതിന് മറുപടിയുമായി എഐഎഡിഎംകെ ഐടി വിങ്ങും എൻഡിഎ സഖ്യകക്ഷിയായ ടിടിവി ദിനകരനും രംഗത്തെത്തി.
വിമർശനങ്ങളും തന്ത്രങ്ങളും
വിജയ്‌യുടെ അഴിമതി വിരുദ്ധ നിലപാടിനെ ടിടിവി ദിനകരൻ പരിഹസിച്ചു. "അഴിമതി തുടച്ചുനീക്കുമെന്ന് അദ്ദേഹം പറയുന്നു, എന്നാൽ സ്വന്തം സിനിമകളുടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. 150 രൂപയുടെ ടിക്കറ്റ് 2000 രൂപയ്ക്കാണ് വിൽക്കുന്നത്. വീട്ടിലിരുന്ന് അഴിമതിക്കെതിരെ പോരാടാനാവില്ല. അനാവശ്യ ആക്രമണങ്ങൾ തിരിച്ചടിയാകും," അദ്ദേഹം മുന്നറിയിപ്പ് നൽകി.
എങ്കിലും, വിജയ് വരുന്നതിലൂടെ ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ച് ബിജെപിക്കും എഐഎഡിഎംകെയ്ക്കും തിരിച്ചടിയുണ്ടാകുമെന്നാണ് ഡിഎംകെ നേതാക്കളുടെ രഹസ്യമായ കണക്കുകൂട്ടൽ. മുസ്ലീം വോട്ടുകൾ ഡിഎംകെയ്ക്കൊപ്പം നിൽക്കുമെങ്കിലും ക്രിസ്ത്യൻ വോട്ടുകളിൽ ഒരു വിഭാഗം വിജയിലേക്ക് ചായുമെന്നും അവർ കരുതുന്നു.
വേളച്ചേരി: ഒരു തന്ത്രപരമായ നീക്കം
വിജയ്‌യെ സംബന്ധിച്ചിടത്തോളം വേളച്ചേരി എന്നത് കേവലം ഒരു മണ്ഡലമല്ല. തന്റെ പനയൂരിലെ വീടിനോടുള്ള അടുപ്പവും നഗരത്തിന്റെ പശ്ചാത്തലവും ഇതിനെ ഒരു മികച്ച തട്ടകമാക്കുന്നു. ചെന്നൈയിൽ നേടുന്ന വിജയം സംസ്ഥാനവ്യാപകമായി വലിയ സ്വാധീനം ചെലുത്തും.
"ഇതൊരു വൈകാരികമായ തീരുമാനമല്ല, മറിച്ച് തന്ത്രപരമായ ഒന്നാണ്. നഗര കേന്ദ്രീകൃതവും ശ്രദ്ധിക്കപ്പെടുന്നതും വിജയിക്കാൻ സാധ്യതയുള്ളതുമായ മണ്ഡലമാണിത്," എന്ന് ഒരു ടിവികെ നേതാവ് പറഞ്ഞു. സിനിമയും രാഷ്ട്രീയവും അഭിലാഷങ്ങളും ഇഴചേർന്നു കിടക്കുന്ന തിരക്കേറിയ ഒരിടത്ത്, ഒരു സുരക്ഷിത പന്തയം എന്ന നിലയിൽ നടത്തുന്ന പോരാട്ടമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: മുൻ കാമുകന്റെ ഭാര്യയായ ഡോക്ടർക്ക് എച്ച്‌ഐവി ബാധിത രക്തം കുത്തിവെച്ചു; ആന്ധ്രയിൽ യുവതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us