ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു നോയിഡ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ മരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മരിയോണ്‍ ബയോടെക്കിന്റെ ഓഫീസില്‍ ഡിസംബര്‍ 29നു പരിശോധന നടത്തിയ കേന്ദ്ര ഏജന്‍സികളുടെയും ഉത്തര്‍പ്രദേശ് ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംഘം വിവാദ ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.
”പരിശോധനയ്ക്കിടെ കമ്പനി പ്രതിനിധികള്‍ക്കു ‘ഡോക് -1 മാക്സ്’ കഫ് സിറപ്പ് ഉല്‍പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ഉത്പാദനം നിര്‍ത്തുന്നതിനു നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്,” ഗൗതം ബുദ്ധ് നഗറിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വൈഭവ് ബബ്ബാര്‍ പി ടി ഐയോട് പറഞ്ഞു.
”ഡിസംബര്‍ 29-ലെ ഉത്തരവ് പ്രകാരം സ്ഥാപനത്തിന്റെ ഉത്പാദന ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് ജനുവരി 10-നു കമ്പനിക്കു രേഖാമൂലം നല്‍കുകയും സ്ഥാപനം അത് അംഗീകരിക്കുകയും ചെയ്തു,”വൈഭവ് ബബ്ബാര്‍ പറഞ്ഞു. അരോപണവിധേയമായ ‘ഡോക്-1 മാക്സ്’, ‘ആംബ്രോണോള്‍’ എന്നീ സിറപ്പുകള്‍ മരിയോണ്‍ ബയോടെക് ഇന്ത്യയില്‍ വിറ്റിട്ടില്ലെന്നും ഉസ്ബെക്കിസ്ഥാനിലേക്കു കയറ്റുമതി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഡോക്-1 മാക്സ്’, ‘ആംബ്രോണോള്‍’ എന്നീ ചുമ സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കരുതെന്നു ലോകാരോഗ്യ സംഘന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ സിറപ്പുകള്‍ കഴിച്ച് ഉസ്‌ബെസ്‌ക്കിസ്ഥാനില്‍ 18 മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു മുന്നറിയിപ്പ്.
ഉസ്‌ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തില്‍ ഈ സിറപ്പുകളില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥം കണ്ടെത്തിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സിറപ്പുകള്‍ കുട്ടികള്‍ക്കു നിശ്ചിതനിലവാരത്തേക്കാള്‍ ഉയര്‍ന്ന അളവില്‍ നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ മാതാപിതാക്കള്‍ അതു ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റിദ്ധരിച്ചു, അല്ലെങ്കില്‍ ഫാര്‍മസിസ്റ്റുകളുടെ ഉപദേശം അനുസരിച്ചു എന്നാണു വിശകലനത്തില്‍ വ്യക്തമായത്.
ഉസ്‌ബെക്കിസ്ഥാനില്‍ മരണങ്ങളുടെ പരമ്പര റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം കമ്പനിയുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്പിച്ചിരുന്നു. മരിയോണ്‍ ബയോടെക്കിനെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന ഉസ്‌ബെക്കിസ്ഥാന്‍ സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വിസ് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മക്സില്‍)യില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണു മരിയോണ്‍ ബയോടെക്.