ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്ഥാനില്‍ ചുമ സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരിയോണ്‍ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മക്സില്‍). മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
അംഗത്വം സസ്‌പെന്‍ഡ് ചെയ്തത് മരുന്ന് നിര്‍മ്മാണ കമ്പനിക്ക് ചില ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്ന് ഫാര്‍മക്സില്‍ അറിയിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ വാണിജ്യ വകുപ്പ് ഫാര്‍മക്സില്‍ മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയില്ലെന്ന് അധികൃതര്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് പറയുന്നു. ഡോക്-1 മാക്‌സ് എന്ന സിറപ്പ് കഴിച്ച് സമര്‍കണ്ടില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് നിര്‍മ്മാതക്കളായ നോയിഡ ആസ്ഥാനമായിട്ടുള്ള മരിയോണ്‍ ബയോടെക്ക് സംശയ നിഴലിലാണ്. റിയല്‍ എസ്റ്റേറ്റിലും ആശുപത്രി മേഖലയിലും സാന്നിധ്യം അറിയിച്ചിട്ടുുള്ള ഇമെനോക്‌സ് ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമാണിത്.
”നിങ്ങള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന ഗുരുതരമായ പ്രതികൂല സംഭവങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് നിങ്ങളുടെ കണ്ടെത്തലുകള്‍ എത്രയും വേഗം ഞങ്ങളെ അപ്ഡേറ്റ് ചെയ്യാനും നിങ്ങളെ നിര്‍ദേശിക്കുന്നു. 2022 ഡിസംബര്‍ 29-നകം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ രജിസ്‌ട്രേഷനും മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും (ആര്‍സിഎംസി) മറ്റൊരു അറിയിപ്പും കൂടാതെ സസ്‌പെന്‍ഡ് ചെയ്യും, ”ഫാര്‍മക്സില്‍ ഡിസംബര്‍ 28 ന് മരിയോണ്‍ ബയോടെക്കിന് നല്‍കിയ നോട്ടീസ് പറയുന്നു.
മരിയോണ്‍ ബയോടെക് 2010 മുതല്‍ ചെറുകിട നിര്‍മ്മാതാക്കളായും 2016 മുതല്‍ മര്‍ച്ചന്റ് കയറ്റുമതിക്കാരായും ഫാര്‍മക്സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 18 കുട്ടികളുടെ മരണത്തിന് കാരണമായ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തിന് അരമതിപ്പുണ്ടാക്കുകയും ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ വിശ്വാസത്തെ ബാധിക്കുകയും ചെയ്യും,” കയറ്റുമതി വകുപ്പ് കൂട്ടിച്ചേര്‍ത്തു.